< Back
Saudi Arabia
എൽ.എൽ.സി കമ്പനികൾ വാർഷിക റിപ്പോർട്ട് സമർപ്പിക്കണം: കർശന നിർദേശവുമായി സൗദി വാണിജ്യമന്ത്രാലയം
Saudi Arabia

എൽ.എൽ.സി കമ്പനികൾ വാർഷിക റിപ്പോർട്ട് സമർപ്പിക്കണം: കർശന നിർദേശവുമായി സൗദി വാണിജ്യമന്ത്രാലയം

Web Desk
|
21 Aug 2023 11:43 PM IST

നിശ്ചിത സമയത്തിനകം ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ജിദ്ദ: ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ വാർഷിക സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെ ലാഭവും പ്രവർത്തന രീതിയുമുൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മലയാളികളുൾപ്പെടെ നിരവധി പേരാണ് നിക്ഷേപകരായി സൗദിയിൽ കമ്പനികൾ രൂപീകരിച്ചത്. ഇത്തരത്തിൽ ലിമിറ്റഡ് ലയബിലിറ്റി രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്ന കമ്പനികള്‍ക്കാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. സ്ഥാപനത്തിൻ്റെ സാമ്പത്തിക അവലോകന വിവരങ്ങൾ നിശ്ചിത സമയത്ത് ഓണ്‍ലൈനായി മന്ത്രാലയത്തിന് സമർപ്പിക്കാത്ത സ്ഥാപനങ്ങൾ നിയമം ലംഘിച്ചതായി കണക്കാക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഓരോ സാമ്പത്തിക വർഷത്തിലും കമ്പനിക്ക് ലഭിച്ച ലാഭം വിതരണം ചെയ്ത രീതി, മുന്‍വര്‍ഷത്തെ സാമ്പത്തിക സ്ഥിതി, കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ടാണ് കമ്പനി ഡയറക്ടർ മന്ത്രായത്തിന് സമർപ്പിക്കേണ്ടത്. സ്ഥാപനത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ടിൻ്റെ കോപ്പി, പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ടിൻ്റെ കോപ്പി തുടങ്ങിയവ ജനറല്‍ ബോഡി യോഗം വിളിക്കുന്നതിന്റെ 21 ദിവസം മുമ്പ് ഡയറക്ടർ ഓഹരിയുടമകള്‍ക്ക് നൽകണമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ യോഗം നടക്കുന്നതിന്റെ 45 ദിവസം മുമ്പെങ്കിലും ഓഡിറ്റര്‍ക്ക് മുമ്പില്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സാമ്പത്തിക സ്റ്റേറ്റ്മെെൻ്റുകളും, ജനറല്‍ ബോഡി യോഗമുൾപ്പെടെയുള്ളതിൻ്റെ രേഖകളും മന്ത്രാലയത്തിന് കൃത്യസമയത്ത് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.


Similar Posts