
സൗദിയിൽ ലോക്കൽ റോമിംഗ് സേവനം കൂടുതൽ പ്രവിശ്യകളിൽ
|സൗദിയിൽ മൂന്ന് മേഖലകളിൽ കൂടി ലോക്കൽ റോമിംഗ് സേവനം പ്രാബല്യത്തിലായി.തബൂക്ക്, ഹാഇൽ, മദീന എന്നിവിടങ്ങളിലാണ് പുതുതായി സംവിധാനം വന്നത്. ഒരു കമ്പനിയുടെ മൊബൈൽ ടവറിൽ നിന്നു തന്നെ മറ്റു കമ്പനികൾക്കും കവറേജ് ലഭ്യമാക്കുന്നതാണ് പദ്ധതി.
മൊബൈൽ നെറ്റ് വർക്ക് കവറേജ് ഇല്ലാത്തത് മൂലം ഉപഭോക്താക്കൾ നേരിടുന്ന പ്രയാസങ്ങൾ അവസാനിപ്പിക്കാനാണ് പുതിയ സേവനം. നേരത്തെ രാജ്യത്തെ ആറ് പ്രവശ്യകളിൽ വന്ന പദ്ധതിയാണ് വിപുലമാക്കിയത്. ടെലികോം റഗുലേറ്ററി അതോറിറ്റിക്ക് കീഴിലാണ് പദ്ധതി. മൊബൈൽ കമ്പനികൾ കരാർ തയ്യാറാക്കിയാണ് ലോക്കൽ റോമിംഗ് സേവനം ആരംഭിച്ചത്. സൗദിയിലെ പ്രധാന മൊബൈൽ സേവന ദാതാക്കളായ എസ്.ടി.സി, മൊബൈലി, സൈൻ എന്നീ കമ്പനികൾ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു.
കരാറനുസരിച്ച് ഒരു പ്രദേശത്തെ ഏതെങ്കിുമൊരു ടവർ വഴി മറ്റു കമ്പനികളുടെ കവറേജും ലഭ്യമാകും. ഇതിനായി ഉപഭോക്താക്കളിൽ നിന്നും പ്രത്യകേ ഫീസ് ഈടാക്കില്ല. എസ്.എം.എസ്, ഫോൺ കോളുകൾ, ഇന്റർനെറ്റ് തുടങ്ങിയ സേവനങ്ങൾ സൗജന്യമായി തന്നെ ഉപയോഗിക്കാനാകും. റിയാദ്, അസീർ, അൽഖസീം എന്നീ പ്രവശ്യകളിലെ വിദൂര ഗ്രാമങ്ങളിലാണ് പദ്ധതി ആദ്യം പ്രാബല്യത്തിലായത്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ 21,000 ഗ്രാമങ്ങളിലും പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം