< Back
Saudi Arabia
Madinah Airport named best regional airport in the Middle East
Saudi Arabia

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി മദീന വിമാനത്താവളം

Web Desk
|
10 April 2025 10:27 PM IST

ലോകത്തിലെ ഏറ്റവും മികച്ച അമ്പതാമത്തെ വിമാനത്താവളം

ജിദ്ദ: മദീന വിമാനത്താവളത്തെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുത്തു. സ്‌കൈ ട്രാക്ക് വേൾഡ് എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് ബഹുമതി. ലോകത്തെ ഏറ്റവും മികച്ച 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അമ്പതാം സ്ഥാനവും മദീന എയർപോർട്ട് നേടി.

ഇത് നാലാം തവണയാണ് മദീന എയർപോർട്ടിന് ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളം എന്ന ബഹുമതി നേടുന്നത്. സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് നേട്ടം.

മറ്റ് നിരവധി അന്താരാഷ്ട്ര പ്രാദേശിക അവാർഡുകളും അംഗീകാരങ്ങളും മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നേടിയിട്ടുണ്ട്. 10 മുതൽ 20 ലക്ഷം വരെ യാത്രക്കാരുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ വിമാനത്താവളമായും മദീന വിമാനത്താവളത്തെ തിരഞ്ഞെടുത്തു. നൂതന സേവനങ്ങളും മികച്ച യാത്രാനുഭവങ്ങളും പരിഗണിച്ചാണ് ബഹുമതികൾ.

2024ൽ 120 ലക്ഷം യാത്രക്കാർ മദീന വിമാനത്താവളം ഉപയോഗപ്പെടുത്തി. 53,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, പ്രതിവർഷം 55 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഭാഗം കൂടി വിപുലീകരണത്തിന്റെ ഭാഗമായി നിർമിക്കും.

നിലവിൽ 59 അന്താരാഷ്ട്ര, ആഭ്യന്തര എയർപോർട്ടുകളിലേക്ക് മദീനയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. പുതിയ അഞ്ച് കമ്പനികൾ കൂടി ഈ വർഷം വന്നതോടെ 77 എയർലൈൻുകൾ ഇവിടേക്ക് സർവീസുണ്ട്. ഹജ്ജ് ഉംറ തീർത്ഥാടകർ ആശ്രയിക്കുന്ന സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നാണ് മദീന വിമാനത്താവളം.

Similar Posts