< Back
Saudi Arabia
റിയാദിൽ മലയാളി പക്ഷാഘാതത്തെ തുടർന്ന് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു
Saudi Arabia

റിയാദിൽ മലയാളി പക്ഷാഘാതത്തെ തുടർന്ന് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

Web Desk
|
19 Dec 2024 6:57 PM IST

കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനനാണ് മരിച്ചത്

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്ന കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനൻ (57)ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാളത്ത് വീട്ടിൽ രാമൻ എംബ്രോൻ - ദേവകി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വർഷമായി ഹോത്ത ബനി തമീമിൽ മിനിലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

കേളി കലാസാംസ്‌കാരിക വേദി (സിപിഎം) അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗമായിരുന്നു. അഞ്ചുമാസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ നിന്ന് സുമേഷി കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാർദ്ദനൻ പിന്നീട് പൂർണ്ണമായും അവശനായിരുന്നു. കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ രണ്ട് മാസത്തെ ചികിത്സ കൊണ്ട് സ്വബോധം വീണ്ടെടുത്ത ജനാർദ്ദനെ വീണ്ടും അൽഖർജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിന്റെ ആവശ്യാർത്ഥം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കവെ വീണ്ടും രോഗം മൂർച്ഛിച്ചതിനാൽ റിയാദിലെ കോൺവാൽസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു മാസം മുൻപ് ദുബായിലുള്ള സഹോദരൻ റിയാദിലെത്തി ജനാർദ്ദനനെ സന്ദർശിച്ചു മടങ്ങിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാർദ്ദനനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേളി ജീവകാരുണ്യവിഭാഗം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. ബുധനാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ച മൃതദേഹം റോഡ് മാർഗം കണ്ണൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഭാര്യ പ്രസീത, പൂജ, അഭിഷേക് എന്നിവർ മക്കളാണ്. ഉഷ, രവീന്ദ്രൻ, സുജിത്, ബിജു, പരേതനായ മധുസൂദനൻ എന്നിവർ സഹോദരങ്ങളാണ്

Similar Posts