< Back
Saudi Arabia
സൗദിയിൽ തീപിടുത്തം; ഇന്ത്യക്കാരുൾപ്പെടെ   പത്തു പേർ വെന്തു മരിച്ചതായി റിപ്പോർട്ട്
Saudi Arabia

സൗദിയിൽ തീപിടുത്തം; ഇന്ത്യക്കാരുൾപ്പെടെ പത്തു പേർ വെന്തു മരിച്ചതായി റിപ്പോർട്ട്

ഹാസിഫ് നീലഗിരി
|
15 July 2023 12:00 AM IST

മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ക്കഷോപ്പില്‍ തീപിടുത്തം. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്.

പ്രാദേശിക സമയം ഇന്നലെ വൈകിട്ടോടെയാണ് ധാരുണമായ അപകടം നടന്നത്. ഹുഫൂഫ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ വര്‍ക്ഷോപ്പിന് മുകളില്‍ താമസിച്ചിരുന്ന ജീവനക്കാരായ പത്ത് പേരും വെന്ത് മരിച്ചു. വെള്ളിയാഴ്ച അവധിയായതിനാല്‍ പുലര്‍ച്ച വരെ ജോലി ചെയ്ത് വന്ന് ഉറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.

മരിച്ചവരില്‍ എട്ട് പേരുടെ രാജ്യ വിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരായ അഞ്ച് പേരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണിവര്‍. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടതായാണ് സംശയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പത്തോളം അഗ്നിശമനാ വിഭാഗമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൃതദേഹങ്ങള്‍ അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാരാന്ത്യ അവധിയായതിനാല്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങല്‍ ഞായറാഴ്ച മാത്രമേ ലഭ്യമാകുകയുള്ളൂ.

Similar Posts