< Back
Saudi Arabia
ചെലവ് ഒന്നരക്കോടി!; ഇന്ത്യന്‍ ഡ്രൈവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി സൗദി ആശുപത്രി
Saudi Arabia

ചെലവ് ഒന്നരക്കോടി!; ഇന്ത്യന്‍ ഡ്രൈവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി സൗദി ആശുപത്രി

Web Desk
|
30 Sept 2021 11:55 PM IST

തെലങ്കാന സ്വദേശി മുത്തന്നക്കാണ് സൗജന്യ ചികിത്സ നല്‍കിയത്

സൗദിയിലെ ദമ്മാമില്‍ ഇന്ത്യക്കാരനായ ഡ്രൈവറുടെ ചികില്‍സക്ക് ചിലവായ ഏഴ് ലക്ഷം റിയാല്‍ (ഒന്നരക്കോടി രൂപ ) സൗജന്യമാക്കി സ്വകാര്യ ആശുപത്രി അധികൃതര്‍. ദമ്മാമിലെ ഗാമ ഹോസ്പിറ്റല്‍ അധികൃതരാണ് പക്ഷാഘാതം പിടിപെട്ട് ഒന്നരവര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞുവന്ന തെലങ്കാന സ്വദേശി മുത്തന്നക്ക് ഇളവ് നല്‍കിയത്. താമസരേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും ഇല്ലാതെ നിയമക്കുരുക്കില്‍പെട്ട് കഴിഞ്ഞിരുന്ന മുത്തന്ന ഹോസ്പിറ്റല്‍ അധികൃതരുടെയും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.

പതിനഞ്ച് വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം പന്ത്രണ്ട് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പളം നല്‍കാതായതോടെ പുതിയ കമ്പനിയിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ദുരിതം മുത്തന്നയെ അവിടെയും പിന്തുടര്‍ന്നു. രണ്ട് വര്‍ഷമായി താമസരേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും പുതുക്കി ലഭിച്ചില്ല. ഇതിനിടെ ഒന്നര വര്‍ഷം മുമ്പ് പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തളര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചികിത്സാചിലവേറ്റെടുക്കാന്‍ കമ്പനി തയ്യാറായില്ല. കമ്പനി കയ്യൊഴിഞ്ഞ മുത്തന്നയുടെ അവസ്ഥ ഇന്ത്യന്‍ എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും ഹോസ്പിറ്റല്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു .ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ നാട്ടിലേക്ക് മടങ്ങിയ മുത്തന്നയ്ക്ക് ദമ്മാമിലെ സന്നദ്ധ പ്രവര്‍ത്തകര്‍ സ്വരൂപിച്ച് നല്‍കിയ തുക കൈമാറി.

Similar Posts