< Back
Saudi Arabia
മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിശോധന കര്‍ശനമാക്കി;   ജീവിക്കാര്‍ക്ക് ഇന്‍ഷൂറന്‍സില്ലെങ്കില്‍ പിഴ ചുമത്തും
Saudi Arabia

മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിശോധന കര്‍ശനമാക്കി; ജീവിക്കാര്‍ക്ക് ഇന്‍ഷൂറന്‍സില്ലെങ്കില്‍ പിഴ ചുമത്തും

Web Desk
|
29 March 2022 12:52 PM IST

2000 മുതല്‍ 20000 റിയാല്‍ വരെയാണ് പിഴ ഈടാക്കുക

സൗദിയില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ പരിശോധന പുരോഗമിക്കുന്നു. ഇന്‍ഷൂറന്‍സ് കൗണ്‍സിലുമായി സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് ഓരോ ജീവനക്കാരനും രണ്ടായിരം റിയാല്‍ മുതല്‍ ഇരുപതിനായിരം റിയാല്‍ വരെയാണ് പിഴ ഈടാക്കാകുക. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.

സ്ഥാപനത്തില്‍ ആര്‍ക്കൊക്കെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല എന്നത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ഇതിനായി സ്ഥാപനങ്ങളെ സൗദി ഇന്‍ഷുറന്‍സ് അതോറിറ്റിയായ കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് കൗണ്‍സിലുമായി ബന്ധിപ്പക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ തൊഴിലുടമക്കെതിരെ പിഴ ചുമത്തും.

51 ല്‍ അധികം ജീവനക്കാരുള്ള എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് ഒരാള്‍ക്ക് ഇരുപതിനായിരം റിയാല്‍ വീതവും, 11 മുതല്‍ 50 വരെ ജീവനക്കാരുള്ള ബി കാറ്റഗറി സ്ഥാപനങ്ങളില്‍ 5000 റിയാലും, പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 2000 റിയാലുമാണ് പിഴ ചുമത്തുക.

സ്ഥാപനങ്ങളില്‍ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തുന്നത്. സി.സി.എച്ച്.ഐയുമായി ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കാന്‍ നിരന്തരമായി കാമ്പയിന്‍ നടത്തിവരികയാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ് നിര്‍ബന്ധമാണ്. ഇഖാമ പുതുക്കുന്നതിന് മാത്രമായി ഇന്‍ഷുറന്‍സ് എടുക്കുകയും പുതുക്കുകയും ചെയ്തിരുന്ന രീതിയായിരുന്നു ഇതുവരെ തുടര്‍ന്നു വന്നിരുന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ നീക്കം. സ്ഥാപനത്തില്‍ ഒരാള്‍ക്ക് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ ആ സ്ഥാപനത്തില്‍ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ എല്ലാവരുടേയും പ്രീമിയം തുക ഒന്നിച്ച് അടക്കേണ്ടി വരും.

Similar Posts