
ജിദ്ദ സെൻട്രൽ ഡെവലപ്‌മെന്‍റ് കമ്പനിക്ക് ലോക ടൂറിസം ഓർഗനൈസേഷനിൽ അംഗത്വം
|ആഗോളതലത്തിൽ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അംഗത്വം
ദമ്മാം: സൗദിയിലെ ജിദ്ദ സെൻട്രൽ ഡെവലപ്‌മെന്‍റ് കമ്പനിക്ക് ലോക ടൂറിസം ഓർഗനൈസേഷനിൽ അംഗത്വം ലഭിച്ചു. മൊറോക്കോയിൽ ചേർന്ന ഓർഗനൈസേഷന്‍റെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. ആഗോളതലത്തിൽ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. മൊറോക്കോയിൽ നടന്ന വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ 117-ആമത് സെഷനിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ജിദ്ദ സെൻട്രൽ ഡെവലപ്‌മെന്‍റ് കമ്പനിയുടെ അംഗത്വ അപേക്ഷക്ക് അംഗീകാരം ലഭിച്ചത്. അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് 250-ലധികം പേർ യോഗത്തിൽ പങ്കെടുത്തു.
ഓർഗനൈസേഷനിൽ ചേരുന്നതോടെ ജിദ്ദ സെൻട്രൽ ഡെവലപ്‌മെന്‍റ് കമ്പനിക്ക് 500 ലധികം കമ്പനികൾ, വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. ജിദ്ദയിലെ വിനോദ സഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനായി ചർച്ചകൾ സംഘടിപ്പിക്കാനും വിവരങ്ങൾ കൈമാറുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സാധിക്കുന്നതോടൊപ്പം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അംഗത്വം സഹായിക്കും. ജിദ്ദ നിവാസികളുടെയും സന്ദർശകരുടെയും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലും സാംസ്കാരികവും ചരിത്രപരവുമായ വ്യക്തിത്വം സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കമ്പനിക്ക് വിവിധ ലക്ഷ്യങ്ങൾ കൈവരിക്കുവാന അംഗ്വത്വം സഹായകരമാകും.