
സൗദിയുടെ ബജറ്റ് കമ്മി നികത്താൻ പുതിയ ശ്രമങ്ങളുമായി ധനകാര്യ മന്ത്രാലയം
|എണ്ണ വില ഇടിയുന്നതാണ് പ്രധാന വെല്ലുവിളിയായി തുടരുന്നത്
റിയാദ്: സാമ്പത്തിക ചെലവ് വർധിച്ചതോടെ സൗദിയുടെ ബജറ്റ് കമ്മി നികത്താൻ പുതിയ ശ്രമങ്ങൾക്ക് ധനകാര്യ മന്ത്രാലയം. ചെലവ് ചുരുക്കുകയോ കടം വാങ്ങുകയോ സൗദി അറേബ്യ ചെയ്യേണ്ടി വരുമെന്ന് റേറ്റിങ് ഏജൻസികൾ മുന്നറിയിപ്പ് നൽകി. എണ്ണ വില ഇടിയുന്നതാണ് പ്രധാന വെല്ലുവിളിയായി തുടരുന്നത്.
സൗദി അറേബ്യയുടെ സാമ്പത്തിക സുസ്ഥിരതാ പാതയിൽ അപകടസാധ്യതകളുണ്ടെന്ന് ഫിച്ച് റേറ്റിംഗ്സിന്റേതാണ് മുന്നറിയിപ്പ്. എണ്ണവിലയിലെ ഇടിവും വിഷൻ 2030 പദ്ധതിയുമായി ബന്ധപ്പെട്ട വൻ ചെലവുകളുമാണ് വെല്ലുവിളി. കഴിഞ്ഞയാഴ്ച സൗദിയുടെ 2025-ലെ ബജറ്റ് കമ്മി 5.3% ആയി ഉയർന്നത് സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇത് മുൻപ് പ്രതീക്ഷിച്ച 2.3%-ന്റെ ഇരട്ടിയാണ്. നേരത്തെയുള്ള കണക്ക് കൂട്ടൽ പ്രകാരം കമ്മി പരമാവധി 2.9% ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം, എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രകടനം ഇതുവഴിയുള്ള വരുമാനം ഉയർന്നതായി ഫിച്ച് ചൂണ്ടിക്കാട്ടി.
2026-ൽ വരുമാനം 5.1% വർധിക്കുമെന്നും ചെലവ് 1.7% കുറയുമെന്നും സൗദി സർക്കാർ പ്രതീക്ഷിക്കുന്നു. കായിക മേഖലയിലെ വൻ പദ്ധതികളും രാജ്യത്ത് തുടരുന്നുണ്ട്. എണ്ണ വില തുടരെ കുറയുന്നത് സൗദിയുടെ പദ്ധതികൾക്ക് സമ്മർദ്ദം ചെലുത്തുന്നുണ്ട്. എണ്ണയെ ആശ്രയിക്കാതെ പുതിയ വരുമാനം കണ്ടെത്താനാണ് സൗദിയുടെ ശ്രമം. എങ്കിലും പ്രധാന വരുമാന സ്രോതസ്സ് ക്രൂഡോയിൽ വരുമാനം തന്നെയാണ്. സാമ്പത്തിക മുന്നറിയിപ്പ് പശ്ചാത്തത്തിൽ സൗദിക്ക് ചെലവ് നിയന്ത്രിക്കുകയോ കടം വർധിപ്പിക്കുകയോ വേണ്ടി വരും.