
സൗദിയിൽ കൂടുതൽ സിനിമകൾ ചിത്രീകരിക്കുന്നു
|നിയോമിനെ സിനിമാ പ്രൊഡക്ഷൻ ഹബ്ബാക്കും
റിയാദ്: സൗദിയുടെ സ്വപ്ന പദ്ധതി പ്രദേശമായ നിയോമിൽ നാൽപതിലേറെ സിനിമകൾ ചരിത്രീകരിച്ചു. മൂന്ന് വർഷത്തിനുള്ളിലെ കണക്കാണിത്. സിനിമാ പ്രൊഡക്ഷൻ ഹബ്ബാക്കി മേഖലയെ മാറ്റാനുള്ള ശ്രമങ്ങൾ ഫിലിം കമ്മീഷന് കീഴിൽ തുടരുകയാണ്. ലോകോത്തര നിലവാരമുള്ള മീഡിയ വില്ലേജും സ്റ്റുഡിയോകളുമാണ് ഇവിടെ പ്രധാന ആകർഷണം. ഇതിനു പുറമെ മേഖലയുടെ ഭൂപ്രകൃതിയും സിനിമകൾക്ക് പറ്റിയവ തന്നെ.
കഴിഞ്ഞ വർഷം വലിയതോതിൽ ജനശ്രദ്ധ നേടിയ സൗദി ചിത്രമായിരുന്നു ഹൂബാൽ. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. 2023ൽ ഷാറൂഖ് ഖാൻ നായകനായി രാജകുമാർ ഹിരാനി സിനിമയായ ഡങ്കി, ഡെസേർട്ട് വാര്യർ, മില്യൺ ഡോളർ ഐലൻഡ് എന്ന റിയാലിറ്റി ഷോ എന്നിവയെല്ലാം ചിത്രീകരിച്ചത് നിയോമിലാണ്. 2021 ജൂണിൽ നിയോമിൽ ഡിജിറ്റൽ മീഡിയ അക്കാദമിയും സ്ഥാപിച്ചിരുന്നു. സൗദി യൂണിവേഴ്സിറ്റികളിൽ സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകൾ നിലവിലുണ്ട്. ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ രാജ്യത്ത് പ്രദർശിപ്പിച്ച സിനിമകളുടെ മൊത്തം വരുമാനം 2000 കോടി കവിഞ്ഞുരുന്നു.