< Back
Saudi Arabia
More than 1.5 million visitors visit the Farsan Islands every year
Saudi Arabia

സൗദിയുടെ ഏറ്റവും വലിയ ദ്വീപസമൂഹം; ഫർസാൻ ദ്വീപുകളിൽ വർഷം തോറുമെത്തുന്നത് ഒന്നര ലക്ഷത്തിലധികം സന്ദർശകർ

Web Desk
|
22 Nov 2025 5:58 PM IST

തെക്കൻ ചെങ്കടലിൽ, ജീസാൻ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയായണ് ഈ ദ്വീപസമൂഹം

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ദ്വീപ്‌സമൂഹവും ജൈവവൈവിധ്യ കേന്ദ്രവുമാണ് ഫർസാൻ ദ്വീപസമൂഹം. വ്യത്യസ്ത വലിപ്പത്തിലുള്ള ഏകദേശം 200 ദ്വീപുകളാണ് പ്രദേശത്തുള്ളത്. രാജ്യത്ത് ആകെയുള്ള 1,285 ദ്വീപുകളുടെ 15.6% വും ഇവിടെയാണ്. 600 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതാണ് ദ്വീപുകൾ.

തെക്കൻ ചെങ്കടലിൽ, ജീസാൻ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയായണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. 1,050 ചതുരശ്ര കിലോമീറ്ററിലായി 84 ലധികം പവിഴ ദ്വീപുകളാണ് വ്യാപിച്ചുകിടക്കുന്നത്. വെളുത്ത മണൽ നിറഞ്ഞ ബീച്ചുകൾ, മനോഹരമായ ജലം, സമ്പന്ന സമുദ്ര, വന്യജീവി ആവാസവ്യവസ്ഥ എന്നിവയ്ക്ക് പേരുകേട്ടതാണ് ദ്വീപുകൾ.

180 ലധികം ഇനം സസ്യങ്ങളും 200 ലധികം ഇനം പക്ഷികളും ദ്വീപുകളിലുണ്ട്. കൂടാതെ ജൈവവൈവിധ്യം നിറഞ്ഞ കണ്ടൽക്കാടുകളും ഇവിടെയുണ്ട്. വർഷം തോറും ഒന്നര ലക്ഷത്തിലധികം സന്ദർശകരാണ് ഈ ദ്വീപസമൂഹം ആസ്വദിക്കാനെത്തുന്നത്. പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള ഡൈവിംഗ്, മത്സ്യബന്ധന പ്രേമികൾ.

ഫർസാനിൽ നിരവധി പുരാവസ്തു കേന്ദ്രങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് വാദി മതറും പുരാതന ഗ്രാമമായ അൽകസ്സറും. ഹിംയാറൈറ്റ് കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നതാണ് അൽ കസ്സർ. കുമ്മാ ദ്വീപിലെ ജമാൽ ഹൗസ്, ഹിജ്‌റ 1347 ൽ നിർമിച്ച രിഫാഇ ഹൗസ്, നജ്ദി പള്ളി എന്നിവ മറ്റ് ശ്രദ്ധേയമായ പൈതൃകങ്ങളാണ്. മുത്തുകളെടുക്കുന്നതിന് പേരുകേട്ടതാണ് ഈ ദ്വീപുകൾ. അന്താരാഷ്ട്ര സമുദ്ര പാതക്കും ബാബ് അൽമന്ദാബ് കടലിടുക്കിനും സമീപമാണെന്നതും സവിശേഷതയാണ്.

അറേബ്യൻ ഗസലുകളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രവുമാണ് ഈ ദ്വീപസമൂഹം. ദേശാടന പക്ഷികളുടെ പ്രധാന ഇടത്താവളവുമാണ് ഈ മനോഹര പ്രദേശം.

Similar Posts