< Back
Saudi Arabia
Domestic Hajj registration has started in Saudi Arabia
Saudi Arabia

ഇത്തവണത്തെ ഹജ്ജിനിടെ അഞ്ഞൂറിലേറെ പേർ മരണപ്പെട്ടതായി കണക്കുകൾ

Web Desk
|
19 Jun 2024 11:14 PM IST

ഇന്ത്യയിൽ നിന്നുളള അറുപതിലേറെ പേരാണ് അറഫക്ക് ശേഷം ചികിത്സയിലിക്കെ മരിച്ചത്

മക്ക: ഈ വർഷത്തെ ഹജ്ജിനിടെ അഞ്ഞൂറിലേറെ പേർ മരണപ്പെട്ടതായി കണക്കുകൾ. ഇന്ത്യയിൽ നിന്നുളള അറുപതിലേറെ പേരാണ് അറഫക്ക് ശേഷം ചികിത്സയിലിക്കെ മരിച്ചത്. സമീപകാല ചരിത്രത്തിലെ റെക്കോഡ് ചൂട് ഇത്തവണ വൻ ദുരിതമാണ് ഹാജിമാർക്ക് സൃഷ്ടിച്ചത്. ഇതിൽ പതിനഞ്ച് പേർ മലയാളികളാണ്. അയ്യായിരത്തിലേറെ പേർക്ക് സൂര്യാതപമുണ്ടായി. ഈജിപ്തിൽ നിന്നുള്ള മുന്നൂറിലേറെ പേരാണ് അറഫാ ദിനത്തിലുൾപ്പെടെ സൂര്യാതപത്തിൽ മരിച്ചത്. ജോർദാനിൽ നിന്നുള്ള പലരും മരണപ്പെട്ടു. റോയിട്ടേഴ്‌സാണ് ഇക്കാര്യം ഈ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. സൂര്യാതപമേറ്റും പിന്നീട് ചികിത്സയിലിരിക്കേയുമാണ് ഭൂരിഭാഗം പേരും മരിച്ചത്.

പതിനെട്ട് ലക്ഷത്തിലേറെ ഹാജിമാർ ഈ വർഷം ഹജ്ജിൽ പങ്കെടുത്തിരുന്നു. ഇതിൽ മൂന്ന് ലക്ഷത്തോളം പേർക്ക് ആരോഗ്യ മന്ത്രാലയം ചികിത്സ നൽകി എന്നത് തന്നെ കാലാവസ്ഥയുടെ പ്രതിസന്ധി വ്യക്തമാക്കുന്നുണ്ട്. കടുത്ത ചൂടിന്റെ മുന്നറിയിപ്പ് പാലിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകതിയിരുന്നു. ഈ കാര്യങ്ങൾ ലംഘിച്ചത് മരണ സംഖ്യ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം 51 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. സമീപകാല ചരിത്രത്തിൽ ആദ്യമാണിത്. അസഹനീയമായ ചൂട് നല്ല ആരോഗ്യമുള്ളവരെ പോലും തളർത്തി. ഭരണകൂട നിയന്ത്രണത്തിന് അപ്പുറമായിരുന്നു കാലാവസ്ഥ.

സൂര്യാതപമല്ല മലയാളി ഹാജിമാരുടെ മരണങ്ങൾക്ക് കാരണം. ഹജ്ജ് കർമങ്ങൾക്കിടയിലെ ക്ഷീണവും തളർച്ചയും ഇതിന് കാരണമായിട്ടുണ്ട്. മലയാളി ഹാജിമാർക്ക് വെയിലിൽ പുറത്തിറങ്ങരുതെന്ന കർശന നിർദേശം നൽകിയത് അറഫയിലുൾപ്പെടെ ഗുണമായിട്ടുണ്ട്. എന്നാൽ നിർദേശം ലംഘിച്ച് അറഫക്ക് ശേഷം നേരിട്ട് ഹറമിലേക്ക് ത്വവാഫിന് പോയ പലരേയും കാണാതായി. ചിലരെ ആശുപത്രിയിലാണ് കണ്ടെത്തിയത്. അറഫയുടെ മുമ്പും മുസ്ദലിഫ ദിനത്തിലും ഹാജിമാർക്ക് ഉറക്കം നഷ്ടമാകും. ഈ കാരണത്താലാണ് വിശ്രമിച്ച ശേഷം ഹറമിലേക്ക് പോകാവൂ എന്ന് നിർദേശമിറക്കിയത്. എന്നാൽ ഇത് ലംഘിച്ച് പോകുന്നവർ തിരക്കുകളിൽ വഴി തെറ്റും. പലരും തൊട്ടടുത്ത ദിനമാണ് തമ്പുകളിലെത്തിയത്. ഇനിയും കണ്ടെത്താൻ ബാക്കിയുള്ളവരുണ്ട്. ഇവർക്കായി ആശുപത്രിയിലും മറ്റും തിരച്ചിൽ തുടരുകയാണ്.

മിനാ താമസം കഴിഞ്ഞതിനാൽ ഇനി ഹാജിമാരെ പെട്ടെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഹജ്ജിൽ പങ്കെടുക്കുന്നവിൽ നല്ലൊരു പങ്കും പ്രായം കൂടുതലുള്ളവരാണ്. ഇതാണ് മരണ സംഖ്യ വർധിക്കാനുള്ള മറ്റൊരു കാരണം. ഇവർക്ക് ചൂട് കൂടി എത്തിയതോടെ താങ്ങാനായില്ല. സാധാരണ ഹജ്ജിൽ പ്രതീക്ഷിക്കുന്ന പകർച്ചപ്പനികളോ മറ്റോ ഇത്തവണ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ഇത് ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതയുടെ ഫലമാണ്. കൂടാതെ, വരും ദിനങ്ങളിലും ചൂട് കൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചൂടിനെ നേരിടാനുള്ള നിർദേശങ്ങൾ മന്ത്രാലയം തുടരെ നൽകുന്നുണ്ട്.

Related Tags :
Similar Posts