
സൗദിയിലെ എക്‌സ്‌പോ 2030 നായി പുതിയ കമ്പനി രൂപീകരിച്ചു; തലാൽ അൽ മാറി സിഇഒ
|പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് കമ്പനി
റിയാദ്: സൗദിയിലെ എക്‌സ്‌പോ 2030നുള്ള ഒരുക്കങ്ങൾക്കായി രൂപീകരിച്ച കമ്പനിയുടെ സിഇഒ ആയി തലാൽ അൽ മാറിയെ നിയമിച്ചു. അരാംകോയുടെ യൂറോപ്പിലെ മുൻ പ്രസിഡന്റും സിഇഒയുമായിരുന്നു ഇദ്ദേഹം. ഡിജിറ്റൽ മേഖല, അന്താരാഷ്ട്ര നിക്ഷേപം എന്നീ മേഖലകളിലായിരുന്നു പ്രവർത്തനം.
എക്‌സ്‌പോയുടെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായാണ് പുതിയ കമ്പനി. എക്‌സ്‌പോ 2030 റിയാദ് കമ്പനി എന്ന പേരിലാണ് പ്രവർത്തനം. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് കമ്പനി പ്രവർത്തിക്കുക.
പുതിയ സിഇഒയെ നിയമിച്ചതോടെ കമ്പനി പ്രവർത്തനങ്ങൾ ഊർജ്ജിതമാകും. എക്‌സ്‌പോക്ക് ആവശ്യമായ മുഴുവൻ സംവിധാനങ്ങളും ഒരുക്കുക പുതിയ കമ്പനി ആയിരിക്കും. എക്സ്‌പോ വേദിയുടെ മുഴുവൻ നിർമാണ പ്രവർത്തനങ്ങൾ, എക്‌സ്‌പോയുമായി ബന്ധപ്പെട്ട ദീർഘകാല നിക്ഷേപങ്ങൾ കൈകാര്യം ചെയ്യൽ, എക്സ്‌പോ അവസാനിച്ചതിന് ശേഷവും അതിന്റെ പൈതൃകം നിലനിർത്താനാവശ്യമായ പ്രവൃത്തികൾ എന്നിവയായിരിക്കും പ്രധാനമായും കമ്പനി നിർവഹിക്കുക.
2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെ ആറ് മാസക്കാലമാണ് റിയാദിൽ വേൾഡ് എക്സ്പോ നടക്കുക. അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്നതാണ് എക്‌സ്‌പോ. ദശലക്ഷക്കണക്കിന് സന്ദർശകരെയും ശതകോടികളുടെ ഡോളർ നിക്ഷേപവും എക്‌സ്‌പോ രാജ്യത്തെത്തിക്കുമെന്നാണ് പ്രതീക്ഷ.