< Back
Saudi Arabia
സൗദിയില്‍ വിദേശികളുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പുതിയ തിരിച്ചറിയല്‍ രേഖ
Saudi Arabia

സൗദിയില്‍ വിദേശികളുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പുതിയ തിരിച്ചറിയല്‍ രേഖ

Web Desk
|
19 Oct 2022 11:08 PM IST

തസ്ഹീലാത്ത് എന്ന പേരില്‍ മാനവവിഭവശേഷി മന്ത്രാലയമാണ് കാര്‍ഡ് പുറത്തിറക്കിയത്

റിയാദ്: സൗദിയില്‍ വിദേശികളുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പുതിയ തിരിച്ചറിയല്‍ രേഖ പുറത്തിറക്കി. തസ്ഹീലാത്ത് എന്ന പേരില്‍ മാനവവിഭവശേഷി മന്ത്രാലയമാണ് കാര്‍ഡ് പുറത്തിറക്കിയത്. കാര്‍ഡുടമകള്‍ക്ക് വിമാനമടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങളില്‍ അന്‍പത് ശതമാനം നിരക്കിളവ് ലഭ്യമാകും.

ഭിന്നശേഷിക്കാരായ ആളുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കിയത്. തസ്ഹീലാത്ത് എന്ന പേരിലുള്ള കാര്‍ഡില്‍ അറബിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ രേഖപ്പെടുത്തും. നിലവില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ ടിക്കറ്റ് ഡിസ്‌കൗണ്ട് കാര്‍ഡ്, ട്രാഫിക് പാര്‍ക്കിംഗ് കാര്‍ഡ്, ഓട്ടിസം കാര്‍ഡ് എന്നിവ ലയിപ്പിച്ചാണ് തസ്ഹീലാത്ത് എന്ന ഏകീകൃത കാര്‍ഡ് അനുവദിക്കുക. നിലവില്‍ ഇതിലെതെങ്കിലും കാര്‍ഡ് ഉപയോഗിക്കുന്നവര്‍ പുതിയ കാര്‍ഡിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല.

പുതുതായി സേവനമുപയോഗപ്പെടുത്തുന്നവര്‍ തവക്കല്‍ന ഖിദ്മാത്ത് ആപ്ലിക്കേഷന്‍ വഴിയോ മാനവവിഭവശേഷി മന്ത്രാലയ ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഡുടമകള്‍ക്ക് വിമാനമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ അന്‍പത് ശതമാനം നിരക്കിളവ്, പൊതു പാര്‍ക്കിംഗുകളിലേക്കുള്ള പ്രവേശനം. അംഗവൈകല്യമുള്ളവര്‍ക്കുള്ള പാര്‍ക്കിംഗുകളില്‍ നിയന്ത്രണമില്ലാതെ പാര്‍ക്ക് ചെയ്യാനുള്ള അനുവാദം, ഓട്ടിസം ബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും മുന്‍ഗണന തുടങ്ങി നിരവധി ആനൂകൂല്യങ്ങള്‍ ലഭ്യമാകും. സ്വദേശികള്‍ക്ക പുറമേ അംഗീകൃത താമസ രേഖയില്‍ കഴിയുന്ന വിദേശികള്‍ക്കും കാര്‍ഡ് നേടാന്‍ അവസരമുണ്ട്.

Related Tags :
Similar Posts