< Back
Saudi Arabia
ഗൾഫ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സൗദിയിൽ തുടരാവുന്ന കാലാവധിയിൽ മാറ്റം
Saudi Arabia

ഗൾഫ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സൗദിയിൽ തുടരാവുന്ന കാലാവധിയിൽ മാറ്റം

Web Desk
|
26 Feb 2026 8:13 PM IST

അംഗീകൃത റെന്റൽ സ്ഥാപനങ്ങളിൽ നിന്ന് വാടകയ്ക്കെടുത്ത വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

റിയാദ്: സൗദിയിൽ ഇതര ജി.സി.സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മന്ത്രിസഭ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിശ്ചിത സമയപരിധി കഴിഞ്ഞ് വാഹനങ്ങൾ രാജ്യത്ത് തുടരുന്നത് തടയുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. പുതിയ നിയമമനുസരിച്ച്, ഒരു വർഷത്തിനുള്ളിൽ പരമാവധി 90 ദിവസം മാത്രമേ ഇത്തരം വാഹനങ്ങൾക്ക് സൗദിയിൽ തുടരാനാകൂ. ഇത് തുടർച്ചയായ ദിവസങ്ങളായോ അല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളായോ കണക്കാക്കാം. വാഹനം അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് ഈ കാലാവധി ആരംഭിക്കുന്നത്. സ്വദേശികൾക്കും താമസക്കാർക്കും അതോടൊപ്പം വാഹനം ഓടിക്കാൻ അനുമതിയുള്ളവർക്കും ഈ നിയമം ബാധകമാണ്. എന്നാൽ അംഗീകൃത റെന്റൽ സ്ഥാപനങ്ങളിൽ നിന്ന് വാടകയ്ക്കെടുത്ത വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിശ്ചിത 90 ദിവസ കാലാവധി അവസാനിക്കുന്നതിന് മുൻപായി വാഹന ഉടമകൾക്ക് താമസപരിധി നീട്ടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് ശേഷം അപേക്ഷയിൽ തീരുമാനമെടുക്കും. ഇതിനാവശ്യമായ വിവരങ്ങൾ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നത്. അതിർത്തി വഴി പ്രവേശിക്കുമ്പോൾ തന്നെ വാഹനത്തിന്റെ കൃത്യമായ വിവരങ്ങൾ കസ്റ്റംസ് പോർട്ടിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം കർശനമായ പിഴ ശിക്ഷകൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Similar Posts