
സൗദിയിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്നതിനും ഇന്‍റർവ്യൂ നടത്താനും പുതിയ നിബന്ധനകൾ
|വ്യക്തിപരമായ ചോദ്യങ്ങളും നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കുറിച്ചുള്ള രഹസ്യങ്ങളും ഇന്‍റർവ്യൂവിൽ ചോദിക്കാൻ പാടില്ല
സൗദിയിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്നതിനും ഇന്‍റർവ്യൂ നടത്താനും പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വ്യക്തിപരമായ ചോദ്യങ്ങളും നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കുറിച്ചുള്ള രഹസ്യങ്ങളും ഇന്‍റർവ്യൂവിൽ ചോദിക്കാൻ പാടില്ല. തൊഴിൽ അറിയിപ്പിൽ സ്ഥാപനത്തെ കുറിച്ചും ജോലിയെ കുറിച്ചും വ്യക്തമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുമ്പോഴും, തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇൻറർവ്യൂകൾ നടത്തുമ്പോഴും സ്ഥാപനങ്ങൾ പാലിക്കേണ്ട പെരുമാറ്റചട്ടങ്ങൾ നടപ്പിലാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം. തസ്തികയുടെ പേര്, ചെയ്യേണ്ട ജോലികൾ, മിനിമം വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ വൈദഗ്ധ്യം, ജോലിയിലെ മുൻ പരിചയം, ഒഴിവുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ തൊഴിലുടമ പരസ്യപ്പെടുത്തണം. കൂടാതെ സ്ഥാപനത്തിൻ്റെ പേര്, പ്രവർത്തനരീതി, ആസ്ഥാനം, ജോലി സ്ഥലം, ജോലിയുടെ സ്വഭാവം എന്നിവയും വ്യക്തമാക്കണം.
തൊഴിൽ അറിയിപ്പിൽ ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ ഉണ്ടാകാൻ പാടില്ല. തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖം നടത്തുവാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കണമെന്നും, അഭിമുഖത്തിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. കൂടാതെ ഇൻ്റർവ്യൂ നടത്താനുദ്ദേശിക്കുന്ന തസ്തിക, ഭാഷ, തിയതി, സ്ഥലം തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തി മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷകനെ അറിയിക്കുകയും വേണം.
അഭിമുഖത്തിനിടെ ഗ്രൂപ്പ്, രാഷ്ട്രീയം, വംശം, വിവാഹ സ്ഥിതി തുടങ്ങിയ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. മാത്രവുമല്ല അപേക്ഷകൻ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും, അവിടെ നിന്ന് ലഭിച്ചിരുന്ന വേതനം പോലുള്ള കാര്യങ്ങൾ ചോദിക്കുന്നതിനും വിലക്കുണ്ട്. മിനിമം വേതനം, ജോലിയുടെ സ്വഭാവം, തൊഴിൽ സമയം, തൊഴിൽ ആനുകൂല്യങ്ങൾ എന്നിവ തൊഴിലുടമ വ്യക്തമാക്കുകയും, ഇൻ്റർവ്യൂ കഴിഞ്ഞത് മുതൽ 14 ദിവസത്തിനുള്ളിൽ ഫലം അപേക്ഷകനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ശാരീരിക വൈകല്യങ്ങൾ നേരിടുന്ന അപേക്ഷകരുണ്ടെങ്കിൽ അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കണം. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.