< Back
Saudi Arabia
ormayil kunjoonju; Commemorative gathering and award presentation in Mecca
Saudi Arabia

'ഓർമ്മയിൽ കുഞ്ഞൂഞ്ഞ്'; മക്കയിൽ അനുസ്മരണ സംഗമവും പുരസ്‌കാര സമർപ്പണവും

Web Desk
|
24 July 2025 6:20 PM IST

ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥി

മക്ക: ഒഐസിസി മക്ക ഏരിയ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും വിദ്യാഭ്യാസ, ആരോഗ്യ, പൊതുപ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്ക് പുരസ്‌കാര സമർപ്പണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ഓർമ്മയിൽ കുഞ്ഞൂഞ്ഞ്' എന്ന പേരിൽ ഈ മാസം 27ന് ഞായറാഴ്ച രാത്രി 7.30ന് മക്ക നവാരിയയിലെ നജ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയാകും.

മക്കയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മികച്ച സേവനം നടത്തുന്ന 60 മലയാളി നഴ്സുമാരെയും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ മക്കയിൽ നിന്നുള്ള വിദ്യാർഥികളെയും ആതുര ശുശ്രൂഷരംഗത്തും പൊതുരംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. അഹമ്മദ് ആലുങ്ങലിനെയും ഉമ്മൻചാണ്ടിയുടെ പേരിലുള്ള വിവിധ പുരസ്‌കാരവും നൽകി ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

നാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ, മക്ക, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ള ഒഐസിസി നേതാക്കൾ, മക്കയിലെ മറ്റ് സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, സ്വദേശി, വിദേശി പൗരപ്രമുഖന്മാർ, കലാ, സാംസ്‌ക്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

ഒഐസിസി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ, ജനറൽ സെക്രട്ടറിമാരായ സലീം കണ്ണനാകുഴി, യാസർ പുളിക്കൽ, ട്രഷറർ റഹീഫ് കണ്ണൂർ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട് എന്നിവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

Similar Posts