
പക്ഷാഘാതം; സൗദിയിൽ 8 മാസത്തോളം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
|യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണൻ (48) ആണ് മരിച്ചത്
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് എട്ടു മാസത്തോളമായി റിയാദിലെ അൽമവാസാത്ത് ആശുപത്രിയിൽ കിടപ്പിലായിരുന്ന പാലക്കാട് യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണൻ (48) മരിച്ചു. പാലക്കാട് മേട്ടുപാളയം സ്ട്രീറ്റ്, പുത്തൻ വീട്ടിൽ ബാലകൃഷ്ണൻ സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സുചിത്ര ഏകമകൻ ശ്രീയാൻ.
കഴിഞ്ഞ മൂന്നു വർഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം ഉറങ്ങാൻ കിടന്ന രാജേഷ് ബാബു രാവിലെ ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ വീണുകിടക്കുന്നത് കാണുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കഴിഞ്ഞ 8 മാസത്തോളമായുള്ള ചികിത്സയിൽ പുരോഗതി കാണാത്തതിനെ തുടർന്ന് ചികിത്സക്കായി നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. തീരെ അവശനായതിനാൽ എയർ ആംബുലൻസ് സൗകര്യത്തിൽ മാത്രമേ നാട്ടിലെത്തിക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
2013 മുതൽ 2018 വരെ അഞ്ച് വർഷം ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു. നാല് വർഷം നാട്ടിൽ നിന്നത്തിന് ശേഷം വീണ്ടും പ്രവാസ ജീവിതം സ്വീകരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.