< Back
Saudi Arabia
ഫലസ്തീൻ വൈസ് പ്രസിഡണ്ട് സൗദിയിൽ
Saudi Arabia

ഫലസ്തീൻ വൈസ് പ്രസിഡണ്ട് സൗദിയിൽ

Web Desk
|
2 Sept 2025 8:15 PM IST

സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി കിരീടാവകാശിയും ഫലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ അൽ ഷെയ്ഖും റിയാദിൽ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭാ സമ്മേളനം സെപ്തംബർ 22ന് ചേരുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ബെൽജിയവും ഫ്രാൻസും ഉൾപ്പടെ പത്ത് രാഷ്ട്രങ്ങൾ ഈ സമ്മേളനത്തിൽ ഫലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും.

സെപ്തംബർ 22ന് ചേരുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ‌ ഫലസ്തീന് പങ്കെടുക്കാൻ യാത്ര വിലക്കേർപ്പെടുത്തിയ യുഎസ് നടപടി ഹുസൈൻ അൽ ഷെയ്ഖ് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടിയുള്ള ശ്രമങ്ങൾ ചർച്ചയായെന്നും ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐക്യരാഷ്ട്ര പൊതുസഭയിൽ ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ ഉൾപ്പടെ കുറഞ്ഞത് പത്ത് രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിന് ശേഷമുള്ള ലോക രാഷ്ട്രങ്ങളുടെ നിർണായക പ്രഖ്യാപനമായിരിക്കും ഇത്. സൗദിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രങ്ങളെ ഇതിന് പ്രേരിപ്പിച്ച കാര്യം സൗദി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇസ്രയേലിന്റെ വെസ്റ്റ്ബാങ്ക് കയ്യേറ്റം, ഗസ്സയിലെ അടിയന്തര വെടിനിർത്തൽ, മാനുഷിക സഹായങ്ങൾ എത്തിക്കൽ, ഗസ്സയെ ഫലസ്തീൻ പരമാധികാരത്തിന് കീഴിൽ വെസ്റ്റ് ബാങ്കുമായി ബന്ധിപ്പിക്കൽ, മെഡിറ്ററേനിയൻ പ്രദേശത്ത് നിന്ന് ഇസ്രായേലിന്റെ പൂർണ പിന്മാറ്റം എന്നിവയും ചർച്ചയായി. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ഇരുവരും തീരുമാനിച്ചു.

Similar Posts