< Back
Saudi Arabia
പാസ്‌പോർട്ട്‌സ് ടു ദി വേൾഡ്; രണ്ടുമാസത്തെ വിനോദ പരിപാടികൾക്ക് സൗദിയിൽ തുടക്കം
Saudi Arabia

പാസ്‌പോർട്ട്‌സ് ടു ദി വേൾഡ്; രണ്ടുമാസത്തെ വിനോദ പരിപാടികൾക്ക് സൗദിയിൽ തുടക്കം

Web Desk
|
10 April 2025 8:36 PM IST

കോബാറിലും ജിദ്ദയിലും സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റിയാണ് വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നത്

റിയാദ്: പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾക്ക് സൗദിയിൽ തുടക്കമായി. കിഴക്കൻ പ്രവിശ്യയിലെ ഖോബാറിൽ ഇന്നലെ മുതൽ പരിപാടികൾ ആരംഭിച്ചു. ഈ മാസം 30 മുതലായിരിക്കും ജിദ്ദയിലെ പരിപാടികൾക്ക് തുടക്കമാവുക. വിവിധ രാജ്യങ്ങളിലെ കലാകാരൻമാർ വിനോദ പരിപാടികൾ അവതരിപ്പിക്കും.

പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിലാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ. സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റിയാണ് കോബാറിലും ജിദ്ദയിലും വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നത്. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കായി പ്രത്യേക ദിവസങ്ങളിലാണ് പരിപാടികൾ. കലാവിഷ്‌കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത പരിപാടികൾ അരങ്ങേറും. പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി കൂട്ടിയിണക്കുക , സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് വിനോദ പരിപാടികൾ.

ഇന്നലെ ദമ്മാമിലെ ഖോബാറിൽ സുഡാനിലെ കലാകാരന്മാരുടെ വിവിധ കലാ പ്രകടനങ്ങളോടെയാണ് പരിപാടി തുടങ്ങിയത്. അടുത്ത മാസം മൂന്ന് വരെയായിരിക്കും പരിപാടികൾ തുടരുക. ഈ മാസം 16 മുതൽ 19 വരെയായിരിക്കും ഇന്ത്യൻ പരിപാടികൾ. അക്രോസ് കൾച്ചർ, ഗാതറിങ്ങ് എന്നിവരുടെ സഹകരണത്തോടെയാണ് വിനോദപരിപാടികൾ.

സൗദിയിലെ ജീവിത നിലവാരം വർധിപ്പിക്കാനുള്ള വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 30 മുതൽ മെയ് 24 വരെയായിരിക്കും ജിദ്ദയിലെ വിനോദ പരിപാടികൾ.

Similar Posts