
സൗദിയിൽ ശക്തമായ ചൂടിനെ പ്രതിരോധിക്കാൻ വാഹനങ്ങൾക്ക് കൂളിങ് പേപ്പറുകൾ പതിപ്പിക്കാൻ അനുമതി
|വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ വാഹനങ്ങളിൽ ചൂടിനെ പ്രതിരോധിക്കനായി കൂളിങ് പേപ്പറുകൾ പതിക്കാവുന്നതാണ്. എന്നാലിത് പരിധി ലംഘിക്കുന്നതാവരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
റിയാദ്: സൗദിയിൽ ശക്തമായ ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് കൂളിങ് പേപ്പറുകൾ പതിപ്പിക്കാവുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. നിശ്ചിത പരിധിയിലുള്ളതും കാഴ്ചയെ തടസ്സപ്പെടുത്താത്തതുമായ പേപ്പറുകൾ ഉപയോഗിക്കുന്നതിനാണ് അനുമതിയുള്ളത്. പരിധി ലംഘിച്ചാൽ അഞ്ഞൂറ് മുതൽ തൊള്ളായിരം റിയാൽ വരെ പിഴയൊടുക്കേണ്ടി വരും.
സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗമാണ് അനുമതി സംബന്ധിച്ച വ്യക്തത നൽകിയത്. വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ വാഹനങ്ങളിൽ ചൂടിനെ പ്രതിരോധിക്കനായി കൂളിങ് പേപ്പറുകൾ പതിക്കാവുന്നതാണ്. എന്നാലിത് പരിധി ലംഘിക്കുന്നതാവരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. 30 ശതമാനം വരെ കട്ടിയുള്ള കൂളിങ് പേപ്പറുകൾ പതിക്കുന്നതിനാണ് അനുമതിയുള്ളത്. നിശ്ചയിച്ച പരിധിയിലും കൂടുതൽ അളവിലുള്ള പേപ്പറുകൾ ഉപയോഗിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം നിയമലംഘനത്തിനുള്ള പിഴയൊടുക്കേണ്ടിവരുമെന്നും ട്രഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അഞ്ഞൂറ് മുതൽ തൊള്ളായിരം റിയാൽ വരെയാണ് പിഴ ചുമത്തുക.