
'പ്രജീരധം-2': ജീവൻരക്ഷാ പരിശീലനക്യാമ്പുമായി റിയാദ് മലപ്പുറം കെഎംസിസി
|ഒക്ടോബർ 10-ന് റെസ്‌ക്യൂ ക്യാമ്പ് നടക്കും
റിയാദ്: അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രവാസികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, വെൽഫെയർ വിങ്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി റെസ്‌ക്യൂ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. "പ്രജീരധം-2 (പ്രാഥമിക ജീവൻ രക്ഷാ ധർമം)" എന്ന പേരിലുള്ള ഈ സമഗ്ര പരിശീലനം 2025 ഒക്ടോബർ 10, വെള്ളിയാഴ്ച, ഉച്ചയ്ക്ക് 12:30 മുതൽ റിയാദിലെ ബത്ഹയിലുള്ള നൂർ ഓഡിറ്റോറിയത്തിൽ നടക്കും.
ഹൃദയാഘാതം, ശ്വാസംമുട്ടൽ, അപകടങ്ങൾ തുടങ്ങിയ അത്യാഹിതഘട്ടങ്ങളിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പ്രാഥമിക ശുശ്രൂഷാ അറിവുകൾ പ്രായോഗിക പരിശീലനത്തിലൂടെ പകർന്നുനൽകാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ആദ്യത്തെ നിർണായക നിമിഷങ്ങളിൽ ശരിയായ അറിവോടുകൂടി ഇടപഴകാൻ വ്യക്തികളെ പ്രാപ്തരാക്കുക വഴി, ഓരോ പ്രവാസിക്കും സമൂഹത്തോട് നിറവേറ്റാനുള്ള ഏറ്റവും വലിയ ധർമമാണ് ഈ പരിശീലനത്തിലൂടെ സാധ്യമാവുകയെന്ന് സംഘാടകർ അറിയിച്ചു.
ഈ പ്രധാനപ്പെട്ട പരിശീലന ക്യാമ്പിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ വെൽഫെയർ വിങ്, റിയാദിലെ RPM മെഡിക്കൽ ട്രെയിനിങ് സെന്ററുമായി സഹകരിച്ചാണ് നേതൃത്വം നൽകുന്നത്. RPM മെഡിക്കൽ ട്രെയിനിങ് സെന്റർ സിഇഒ ബാനേഷ് അബ്ദുല്ല, ഷുജാ ബിൻ സൗദ് അൽ നൗമാസി എന്നിവരുടെ മേൽനോട്ടത്തിൽ സീനിയർ ഇൻസ്ട്രക്ടർ സനൂപ്, ഇൻസ്ട്രക്ടർ മുബാറക് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ക്യാമ്പിന് പരിശീലനം നൽകുന്നത്.