< Back
Saudi Arabia
Preparations for the Hajj began; The first group of pilgrims will reach the holy land on May 9
Saudi Arabia

ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ആദ്യ തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും

Web Desk
|
24 Nov 2023 11:30 PM IST

ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി

അടുത്ത വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും.

വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങളെ സജ്ജമാക്കാനാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഡിസംബർ അഞ്ച് വരെ രജിസ്റ്റർ ചെയ്യാൻ കമ്പനികൾക്ക് അവസരമുണ്ട്. വിദേശ തീർത്ഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾ വിപുലീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് സേവനദാതാക്കൾക്കിടയിൽ മത്സരശേഷി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

താമസം, ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങൾ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് നൽകാം. വരാനിരിക്കുന്ന ഹജ്ജ് സീസണിനായി സൗദി അറേബ്യ ഇതിനകം ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പുതിയ സീസണിലെ ഹജ്ജ് നയങ്ങളും ആവിഷ്‌കരിച്ചു. അടുത്ത മാർച്ച് ഒന്നു മുതൽ ഹജ്ജ് വിസ അനുവദിച്ചുതുടങ്ങും. മെയ് 9 അഥവാ ദുൽഖഅദ് ഒന്നിന് ആദ്യ വിദേശ തീർഥാടക സംഘം പുണ്യഭൂമിയിലെത്തും.

ഇത്തവണ പുണ്യസ്ഥലങ്ങളിൽ വിവിധ രാജ്യങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ച് നൽകില്ലെന്ന് സൗദി ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. ഹജ്ജ് കരാറുകൾ ഒപ്പിടുന്നതിനനുസരിച്ച് വിവിധ രാജ്യങ്ങൾക്കുള്ള സ്ഥലങ്ങൾ നിശ്ചയിക്കും. നേരത്തെ കരാറിലെത്തുന്ന രാജ്യത്തിന് പുണ്യസ്ഥലങ്ങളിൽ ഉചിതമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts