
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു
|വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട്
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മദീനയിലും യാമ്പുവിലും ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും മികച്ച മഴ ലഭിച്ചു. തബൂക്ക് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ മഴക്ക് ശമനമായിട്ടുണ്ട്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തബൂക്ക് മേഖലയിലാണ്. ഉംലജ് ഗവർണറേറ്റിലെ അൽ ഷബാഹ നിരീക്ഷണ കേന്ദ്രത്തിൽ 79.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തബൂക്കിൽ തന്നെ കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
കനത്ത മഴയെ തുടർന്ന് തബൂക്കിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികൃതർ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിക് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മദീനയിലെ അൽ മഹദ്, ബദർ, ഹനാക്കിയ തുടങ്ങിയ പ്രദേശങ്ങളിലും റെഡ് അലർട്ട് ഉണ്ട്.
സൗദിയുടെ പടിഞ്ഞാറൻ മേഖലയിലാണ് കൂടുതൽ മഴ. പല പ്രദേശങ്ങളിലും ഇന്നലെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഹാഇൽ, അൽ ജൗഫ്, കിഴക്കൻ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. റിയാദിലും ജീസാനിലും മഴയെത്തും. അൽ ഖുറയാത്തിൽ 5-ഉം അബഹയിൽ 7 ഡിഗ്രിയുമാണ് സൗദിയിലെ ഏറ്റവും കുറഞ്ഞ താപനില. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.