< Back
Saudi Arabia
Rain warning in Saudi
Saudi Arabia

സൗദിയിൽ മഴ മുന്നറിയിപ്പ്; ശനിയാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത

Web Desk
|
19 Sept 2023 10:56 PM IST

താഴ്ന്ന പ്രദേശങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും നീന്തരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

ജിദ്ദ: സൗദിയിലെ മിക്ക പ്രവിശ്യകളിലും ശനിയാഴ്ച വരെ മഴയും മിന്നലും ഉണ്ടാകാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റും മഴയും ഉള്ള സന്ദർഭങ്ങളിൽ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണം. മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ള അരുവികളിലും വെള്ളക്കെട്ടുകളിലും ഉല്ലസിക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

മിക്ക പ്രവിശ്യകളിലും ശനിയാഴ്ച വരെ മഴയും കാറ്റും ഇടിമിന്നലും ശക്തമാകാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും കഴിയരുതെന്നും അധികൃതർ ഓർമിപ്പിച്ചു. വെള്ളത്തിൻ്റെ കുത്തൊഴുക്കിന് സാധ്യതയുള്ള അരുവികളിലും വെള്ളക്കെട്ടുകളിലും ഉല്ലസിക്കുന്നത് അപകടം വരുത്താനിടയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും നീന്തരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. റിയാദ് മേഖലയിലെ ചില പ്രദേശങ്ങളിൽ മിതമായ മഴയും പൊടിപടലങ്ങളുയർത്തുംവിധം സജീവമായ കാറ്റും ഉണ്ടായേക്കും. തായിഫ്, മെയ്‌സാൻ, ആദം, അൽ-അർ ദിയാത്ത് എന്നിവിടങ്ങളിലും പൊടിക്കാറ്റും മഴയും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്.

സമാനമായ കാലാവസ്ഥ തന്നെയായിരിക്കും മക്ക, ജിസാൻ, അബഹ, അസീർ എന്നിവിടങ്ങളിലും. ജിദ്ദയിലും റാബിഗിലും ഇന്ന് മണിക്കൂറിൽ 40 മുതൽ 49 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത് കൂടാതെ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും ശനിയാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Tags :
Similar Posts