മക്ക മദീന ഹറമിൽ ഇഅ്ത്തികാഫിനുള്ള രജിസ്ട്രേഷൻ മാർച്ച് 5ന് ആരംഭിക്കും.
|സ്ത്രീകൾക്കും പുരുഷന്മാർക്കും ഹറമിൽ ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും.
റിയാദ്: മക്ക മദീന ഹറമിൽ ഇഅ്ത്തികാഫിനുള്ള രജിസ്ട്രേഷൻ മാർച്ച് 5ന് ആരംഭിക്കും.റമദാൻ ഇരുപത് മുതൽ മുപ്പത് വരെ ഇഅ്ത്തികാഫ് നിർവഹിക്കാനാണ് രജിസ്‌ട്രേഷൻ വഴി അനുമതി നൽകുക. മാർച്ച് 5 ബുധനാഴ്ച്ച രാവിലെ 11 മണിമുതലാണ് ഹറം കാര്യ വകുപ്പിന്റെ വെബ്സൈറ്റ് വഴി ഇഅ്ത്തികാഫിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാകേDണ്ടത്. നിശ്ചിത എണ്ണം പൂർത്തിയാകുന്നതുവരെ മാത്രമാകും രജിസ്ട്രേഷൻ. റമദാനിലെ കർമങ്ങൾക്ക് ഏറ്റവും പുണ്യം ലഭിക്കുന്ന ദിനങ്ങളാണ് അവസാനത്തെ പത്ത് ദിനരാത്രങ്ങൾ. ഈ ദിവസങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിലും പ്രവാചക പള്ളിയിലും ഇഅ്ത്തികാഫ് നിർവഹിക്കാൻ വിശ്വാസികൾ ശ്രമിക്കാറുണ്ട്. പള്ളിയിൽ മുഴുസമയം പ്രാർഥനകളോടെ ചിലവഴിക്കുന്നതാണ് ഇതിന്റെ രീതി. 18 വയസ്സ് പൂർത്തിയായ വിശ്വാസികൾക്കാണ് അനുമതി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യങ്ങൾ ഉണ്ട്. റമദാൻ 20 മുതൽ ഇരു ഹറമുകളിലും ഇഅ്ത്തികാഫ് ആരംഭിക്കും. വിദേശികളാണെങ്കിൽ കാലാവധിയുള്ള ഇഖാമയുള്ളവരായിരിക്കണം. അനുമതി ലഭിക്കുന്നവർക്ക് നോമ്പ് തുറ, അത്താഴം, ലോക്കർ സംവിധാനമുൾപ്പടെ മുഴുവൻ സൗകര്യവും ലഭ്യമാകും. നേരത്തെ പെർമിറ്റ് എടുത്തവർക്ക് മാത്രമേ ഇഅ്ത്തികാഫ് അനുമതി നൽകൂ.