
സൗദിയിൽ വിദേശികളുടെ റീ എൻട്രി വിസ പുതുക്കി തുടങ്ങി
|സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി
സൗദി ഭരണകൂടത്തിന്റെ കാരുണ്യത്തിൽ വിദേശികളുടെ റീ എൻട്രി വിസയും സൗജന്യമായി പുതുക്കി തുടങ്ങി. യാത്രവിലക്കിൽ സൗദിയിലേക്ക് തിരിച്ച് പോകാൻ സാധിക്കാത്ത നിരവധി മലയാളികൾക്കും വിസ പുതുക്കി ലഭിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി.
യാത്രവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ച് വരാൻ സാധിക്കാത്തവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി നീട്ടി നൽകാൻ ഇക്കഴിഞ്ഞ മെയ് 24നാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകിയത്. ഇതിനെ തുടർന്ന് ജൂലൈ 31വരെ ഇഖാമ കാലാവധി ദീർഘിപ്പിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മുതൽ റീ എൻട്രി വിസയും ജൂലൈ 31വരെ ദീർഘിപ്പിച്ച് തുടങ്ങിയത്.
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ഇതിന്റെ ആശ്വാസം ലഭിച്ചു തുടങ്ങി. സന്ദർശന വിസ നേടിയവർക്കും വിസാ കാലാവധി ദീർഘിപ്പിച്ച് നൽകുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതിനാവശ്യമായ സാമ്പത്തിക ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. വിസാകാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോർട്ടിലിൽ നിന്നും വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും അനുബന്ധവിവരങ്ങളും നൽകിയാൽ മതി.
അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാവുന്നതാണ്. ഇതിനിടെ സൗദിയിലേക്ക് പുറപ്പെടുന്ന എല്ലാ വിദേശികളും യാത്രക്ക് മുമ്പായി മൂഖീം പോർട്ടൽ വഴി അറൈവൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി ഉറപ്പ് വരുത്തണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാ വിമാനകമ്പനികൾക്കും നിർദ്ദേശം നൽകി.