Saudi Arabia
ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം
Saudi Arabia

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം

Web Desk
|
9 Feb 2024 10:48 PM IST

ഗസ്സ യുദ്ധം വിശകലനം ചെയ്യാൻ റിയാദിൽ ചേർന്ന സുപ്രധാന യോഗത്തിൽ പ്രധാനപ്പെട്ട അഞ്ച് അറബ് രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്തു.

റിയാദ്: ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദിയിൽ ചേർന്ന അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര ഫോർമുലയിലൂടെ ഇസ്രായേൽ- ഫലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. ഗസ്സ യുദ്ധം വിശകലനം ചെയ്യാൻ റിയാദിൽ ചേർന്ന സുപ്രധാന യോഗത്തിൽ പ്രധാനപ്പെട്ട അഞ്ച് അറബ് രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്തു.

ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൻ്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് റിയാദിൽ കൂടിയാലോചന യോഗം വിളിച്ചത്. സൗദിക്ക് പുറമെ ഖത്തർ, യു.എ.ഇ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഫലസ്തീൻ സിവിൽ അഫയേഴ്സ് മന്ത്രി ഹുസൈൻ അൽ-ഷൈഖും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കുക, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നത് തടസ്സപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക എന്നിവയുടെ ആവശ്യകത മന്ത്രിമാർ ഊന്നിപ്പറഞ്ഞു.

ദ്വിരാഷ്ട്ര പരിഹാരത്തിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യു.എൻ പ്രമേയങ്ങൾക്കനുസൃതമായി 1967 ജൂൺ നാലിലെ മാതൃകയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും വിദേശകാര്യ മന്ത്രിമാരുടെ യോഗം വ്യക്തമാക്കി. ഫലസ്തീൻ അഭയാർഥികളോടുള്ള മാനുഷിക ദൗത്യങ്ങൾ നിറവേറ്റുന്ന യു.എൻ ഏജൻസിക്ക് പിന്തുണ നൽകണമെന്ന് എല്ലാ രാജ്യങ്ങളോടും മന്ത്രിമാർ ആവശ്യപ്പെട്ടു.

Similar Posts