
സിഎച്ച് സെന്ററുകൾക്ക് ഒരു കോടി, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം: റിയാദ് കെഎംസിസി ഫണ്ട് കൈമാറി
|മലപ്പുറം: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്നു പേരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപയും, സി.എച്ച്. സെന്ററുകൾക്ക് ഒരു കോടി രൂപയും കൈമാറി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സി.എച്ച്. സെന്ററുകൾക്കുള്ള ഫണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യം മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും വിതരണം ചെയ്തു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സേവന-കാരുണ്യ രംഗത്ത് എന്നും മാതൃക തീർത്തിട്ടുള്ള റിയാദ് കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഉതകുന്ന പദ്ധതികൾ കൂടി ആവിഷ്‌കരിക്കാൻ കെ.എം.സി.സി ഘടകങ്ങൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് എന്നും പാർട്ടിക്ക് വലിയ കരുത്തും ഊർജവുമായി നിലകൊള്ളുന്ന റിയാദ് കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ അനുകരണീയമാണെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും എന്നും വലിയ പിന്തുണ നൽകുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രവാസി സമൂഹം സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, അലി അക്ബർ വേങ്ങര, സി.കെ. കാസിം തിരുവമ്പാടി, അസീസ് വെങ്കിട്ട, ഷംസു പെരുമ്പട്ട, ബഷീർ ഇരുമ്പുഴി, റാഫി പയ്യാനക്കൽ, അലി അക്ബർ ചെറൂപ്പ, അബൂബക്കർ ഫൈസി വെള്ളില, യൂനുസ് ഇരുമ്പുഴി, ഇഖ്ബാൽ കാവനൂർ, നാസർ വയനാട് എന്നിവർ പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സ്വാഗതവും മജീദ് പയ്യന്നൂർ നന്ദിയും പറഞ്ഞു.