< Back
Saudi Arabia
റിയാദ് മെട്രോ ജനകീയമായതോടെ ടാക്‌സികൾക്ക് കനത്ത തിരിച്ചടി; നിരക്കിളവിന് സാധ്യത
Saudi Arabia

റിയാദ് മെട്രോ ജനകീയമായതോടെ ടാക്‌സികൾക്ക് കനത്ത തിരിച്ചടി; നിരക്കിളവിന് സാധ്യത

Web Desk
|
23 May 2025 6:46 PM IST

ഗ്രീൻ ടാക്‌സി, ഊബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്‌സി ആപ്പുകളും മെട്രോയുടെ വരവോടെ കടുത്ത മത്സരം നേരിടുകയാണ്

റിയാദ്: റിയാദിൽ മെട്രോ സർവീസുകൾ ജനകീയമായതോടെ പരമ്പരാഗത ടാക്‌സികൾക്കും ഓൺലൈൻ ടാക്‌സി സേവനങ്ങൾക്കും കടുത്ത മത്സരം നേരിടുന്നു. യാത്രക്കാർ മെട്രോയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെ ടാക്‌സി കമ്പനികൾക്ക് യാത്രക്കാരെ കിട്ടാതെയായി. ഇതോടെ, ഓൺലൈൻ ടാക്‌സി കമ്പനികൾ ഉൾപ്പെടെ നിരക്കിളവുകൾ നൽകാൻ നിർബന്ധിതരാകുമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ പാദത്തിൽ 2.5 കോടിയിലധികം യാത്രക്കാരാണ് റിയാദ് മെട്രോ ഉപയോഗിച്ചത്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ മാത്രം 3.23 കോടി യാത്രക്കാർ സഞ്ചരിച്ചു. 4 റിയാലിന് 2 മണിക്കൂർ യാത്ര ചെയ്യാൻ റിയാദ് മെട്രോയിൽ സാധിക്കുമെന്നതും, തിരക്കേറിയ സമയങ്ങളിലും നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതും യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, ട്രാഫിക് തിരക്കുകൾ ഒഴിവാക്കാം എന്നതും മെട്രോയുടെ ജനപ്രീതി വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

ഗ്രീൻ ടാക്‌സി, ഊബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്‌സി ആപ്പുകളും മെട്രോയുടെ വരവോടെ കടുത്ത മത്സരം നേരിടുകയാണ്. നിലവിൽ, മെട്രോ കണക്ഷൻ സർവീസുകൾക്ക് വിവിധ ടാക്‌സി കമ്പനികൾ നിരക്കിളവുകൾ നൽകി വരുന്നുണ്ട്. നിരക്ക് കുറയ്ക്കാതെ ടാക്‌സി സേവനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Similar Posts