
ഹജ്ജിനുള്ള ഒരുക്കങ്ങൾ സജീവമാക്കി സൗദി
|ഈ മാസം അവസാനം മുതൽ തീർത്ഥാടകരെത്തും
ജിദ്ദ: ഹജ്ജിനുള്ള ഒരുക്കങ്ങൾ സജീവമാക്കി സൗദി. ദുൽഖഅദ് ഒന്നു മുതലാണ് രാജ്യത്തേക്ക് ഈ വർഷത്തെ ഹജ്ജിനുള്ള തീർത്ഥാടകർ എത്തിത്തുടങ്ങുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവ് ഏപ്രിൽ 29 മുതൽ ആരംഭിക്കും. മദീന വഴിയാണ് ഇത്തവണ ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘം എത്തുക. ഇവർ 8 ദിവസം പ്രവാചക നഗരിയിൽ ചിലവഴിച്ച് മക്കയിലെത്തും. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്ര ജിദ്ദ വഴിയാണ് ക്രമീകരിച്ചത്. ഇവരുടെ മടക്കം ഹജ്ജിന് ശേഷം മദീന വഴി ആയിരിക്കും. കോഴിക്കോട് നിന്ന് മെയ് പത്തിന്, കണ്ണൂരിൽനിന്ന് മെയ് 11നുമാണ് നിലവിൽ ഫ്‌ളൈറ്റുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജൂൺ നാലു മുതൽ 9 വരെ ഉള്ള ദിവസങ്ങളിലായിരിക്കും ഇത്തവണ ഹജ്ജ് കർമ്മങ്ങൾ നടക്കുക. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് ഇത്തവണ. ഇതിൽ 30% ഹാജിമാർ വിവിധ പ്രൈവറ്റ് ഗ്രൂപ്പുകളിലായി ഹജ്ജ് നിർവഹിക്കും. ഹജ്ജ് കമ്മറ്റിക്ക് കീഴിൽ എത്തുന്ന ഹാജിമാർക്കുള്ള മക്കയിലെയും മദീനയിലെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്ററിന്റെ കീഴിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.