
'ദ്വിരാഷ്ട്ര ഫോർമുലയില്ലാതെ സമാധാനം ഉണ്ടാകില്ല'; ഇസ്രായേലിനെതിരെ സൗദി അറേബ്യ
|'കാലമെത്ര കഴിഞ്ഞാലും ഫലസ്തീന്റെ മണ്ണ് അവർക്ക് തന്നെ'
റിയാദ്: ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കാതെ സമാധാനം ഉണ്ടാകുമെന്ന് ഇസ്രായേൽ കരുതേണ്ടെന്ന് സൗദി അറേബ്യ. ഫലസ്തീനികളെ സൗദിയിലേക്ക് മാറ്റിക്കോളൂ എന്ന നെതന്യാഹുവിന്റെ പ്രസ്താവനക്കാണ് മറുപടി.
ഗസ്സയിൽ നിന്ന് ജനങ്ങളെ മാറ്റുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ സൗദി രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് ഫലസ്തീനികളെ സൗദിയിലേക്ക് മാറ്റിക്കോളൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇതിനെതിരെ അറബ് രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. അവരോട് നന്ദി പറഞ്ഞാണ് സൗദി ഇസ്രായേലിനെതിരെ കടുത്ത പ്രയോഗം നടത്തിയത്.
പ്രസ്താവനയുടെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: കാലമെത്രയെടുത്താലും ഫലസ്തീന്റെ മണ്ണ് അവർക്ക് തന്നെയായിരിക്കും. ഇസ്രായേലിന്റെ തീവ്രവാദ ചിന്താഗതിയാണ് സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നത്. ഫലസ്തീൻ എന്ന മണ്ണിനോട് അറബ് ജനതക്കുള്ള വൈകാരികവും നിയപരവും ചരിത്രപരവുമായ ബന്ധം മനസ്സിലാക്കാൻ അധിനിവേശ മനസ്സുള്ള ഇസ്രായേലിന് കഴിയില്ല.
പ്രസ്താവന ഇങ്ങനെ തുടരുന്നു: ഫലസ്തീനികളെ ആട്ടിയോടിക്കാൻ അവർ കുടിയേറ്റക്കാരല്ല. ഗസ്സയെ തകർത്ത് മനുഷ്യന്റെ വികാരമോ ധാർമികതയോ ഇല്ലാതെ കൊന്നവരാണ് ഇസ്രായേൽ. പരസ്പര സഹകരണത്തോടെ കഴിയാനുള്ള അറബ് രാജ്യങ്ങളുടെ സമാധാന ഫോർമുല ഇല്ലാതാക്കുന്നതും ഇസ്രായേൽ തന്നെയാണ്. ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കാതെ സമാധാനം ഉണ്ടാകുമെന്ന് ഇസ്രായേൽ കരുതേണ്ടെന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്. ട്രംപ് ഇസ്രായേലിനെ അടുപ്പിക്കാൻ ശ്രമം തുടരുമ്പോഴാണ് സൗദി തുടർച്ചയായി രംഗത്ത് വരുന്നത്. ഫലത്തിൽ സൗദി ഇസ്രായേൽ ചർച്ചകൾ വീണ്ടും വഷളാകും.
അതിനിടെ വെടിനിർത്തൽ കരാർ പ്രകാരം നെത്സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം അതിർത്തിയിലെ ബഫർ സോണിലേക്ക് പിൻമാറും. ഇതോടെ വടക്കൻ ഗസ്സയിലെ സൈനിക സാന്നിധ്യം തീർത്തും ഇല്ലാതാകും. രണ്ടാം ഘട്ട വെടിനിർത്തൽ വേളയിലാകും ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പൂർണ പിൻമാറ്റം. ചർച്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇസ്രായേൽ സംഘം ഇന്ന് പുലർച്ചെ ദോഹയിലെത്തിയിട്ടുണ്ട്.