< Back
Saudi Arabia
മസ്ജിദുൽ അഖ്സയിലെ പ്രവേശനം നിഷേധിച്ച ഇസ്രായേൽ നടപടിയെ അപലപിച്ച് സൗദി
Saudi Arabia

മസ്ജിദുൽ അഖ്സയിലെ പ്രവേശനം നിഷേധിച്ച ഇസ്രായേൽ നടപടിയെ അപലപിച്ച് സൗദി

Web Desk
|
12 March 2026 1:20 PM IST

സൗദി ഉൾപ്പടെ എട്ട് അറബ് രാജ്യങ്ങളാണ് നടപടിക്കെതിരെ രം​ഗത്ത് വന്നത്

റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ അൽ അഖ്‌സ പള്ളിയിലേക്ക് വിശ്വാസികൾക്ക് പ്രവേശനം നിഷേധിക്കുന്ന ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. സൗദിക്ക് പുറമെ ജോർദാൻ, യുഎഇ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കി അറബ് ഇസ് ലാമിക രാജ്യങ്ങളും ഇസ്രായേലിനെതിരെ നിലപാട് വ്യക്തമാക്കി. അൽ അഖ്‌സ പള്ളിയുടെ കവാടങ്ങൾ അടച്ചിടുന്നതും വിശ്വാസികളെ തടയുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ഇസ്രായേലിന് ജെറുസലേമിന് മേലോ അവിടെയുള്ള ഇസ്‌ലാമിക, ക്രൈസ്തവ പുണ്യകേന്ദ്രങ്ങൾക്ക് മേലോ യാതൊരു പരമാധികാരവുമില്ലെന്ന് വിദേശകാര്യ മന്ത്രിമാർ ഊന്നിപ്പറഞ്ഞു.

അൽ അഖ്സക്ക് സമീപമുള്ള പ്രദേശം മുസ് ലിംകൾക്ക് മാത്രമാണ്. ജോർദാനിലെ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള 'ജെറുസലേം എൻഡോവ്‌മെന്റ് ആൻഡ് അൽ അഖ്‌സ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്'മാത്രമാണ് പള്ളിയുടെ കാര്യങ്ങൾ നിയന്ത്രിക്കാനും വിശ്വാസികളുടെ പ്രവേശനം ക്രമീകരിക്കാനുമുള്ള നിയമപരമായ അധികാരമെന്നും മന്ത്രിമാർ വ്യക്തമാക്കി.

അൽ അഖ്‌സ പള്ളിയുടെ അടച്ചിട്ടിരിക്കുന്ന കവാടങ്ങൾ ഉടനടി തുറന്നു നൽകണം. ജെറുസലേമിലേക്ക് വിശ്വാസികൾ എത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള തടസ്സങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും നീക്കം ചെയ്യണം. ഇസ്‌ലാമിക, ക്രൈസ്തവ പുണ്യകേന്ദ്രങ്ങൾക്ക് നേരെയുള്ള ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുന്ന ശക്തമായ നിലപാട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

Similar Posts