
സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസ്; രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി സൗദി
|നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ
ദമ്മാം: മയക്കുമരുന്ന് കടത്തിയ കേസില്‍ സൗദിയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ. നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴില്‍ ശിക്ഷ കഴിഞ്ഞ ദിവസം നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോമാലിയന്‍ സ്വദേശികളായ മുഹമ്മദ് അറബ് ഒമർ അബ്ദി, ഹംദി അബ്ദുല്ല അബ്ദുൾ റഹ്മാൻ അലി എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും, വില്‍പ്പന നടത്തുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ശിക്ഷയെന്ന് മന്ത്രാലയം വ്യക്തമാക്കി.
കേസിന്‍റെ തുടക്കത്തില്‍ തന്നെ പിടിയിലായ ഇരുവര്‍ക്കും കീഴ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും, വില്‍പ്പന നടത്തുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമുള്ള കടുത്ത മുന്നറിയിപ്പാണ്. ലഹരിയുടെ വിപത്തില്‍ നിന്നും രാജ്യത്തെ പൗരന്‍മാരെയും താമസക്കാരെയും സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ ഉറപ്പ് വരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.