
സൗദിയിൽ എ.ഐ ഉപയോഗിച്ച് ഫോട്ടോ മാറ്റം വരുത്തിയവർക്ക് പിഴ ഈടാക്കി
|9000 റിയാലാണ് പിഴ ചുമത്തിയത്
റിയാദ്: സൗദിയിൽ മറ്റു വ്യക്തികളുടെ ഫോട്ടോ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിത്തുടങ്ങി. സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടിയാണ് നടപടി സ്വീകരിച്ചത്. മറ്റൊരാളുടെ സ്വകാര്യ ഫോട്ടോ മാറ്റം വരുത്തി അനുമതിയില്ലാതെ ഉപയോഗിച്ചതാണ് കുറ്റം. ഒമ്പതിനായിരം റിയാലാണ് പിഴ ചുമത്തിയത്. മാറ്റങ്ങൾ വരുത്തി ചിത്രം ഉപയോഗിച്ചത് വ്യാപാര ആവശ്യത്തിനായാണ്. പകർപ്പവകാശം അഥവാ കോപ്പി റൈറ്റ് നിയമം, ഡാറ്റ ദുരുപയോഗം എന്നിവക്ക് സൗദിയിൽ പിഴയുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിക്കാരന്റെയോ, പ്രതിയുടേയോ വിവരങ്ങൾ നിലവിൽ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഇത്തരം നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പും നൽകി. ഔദ്യോഗികമായി പരാതി ലഭിച്ചാൽ തെളിവുകൾ ശേഖരിച്ച് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ശേഷം പരാതി വിദഗ്ധ സമിതിയിലേക്ക് കൈമാറിയതിന് ശേഷമായിരിക്കും അന്തിമ വിധി.