
ആഗോള ഇസ്ലാമിക് ഫിനാന്‍സ് മേഖലയില്‍ പ്രമുഖ ശക്തിയായി സൗദി
|ലോക ഇസ്ലാമിക ഫിനാന്‍സ് മേഖല അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചു വരുന്നതായി സൗദി ദേശീയ ബാങ്ക് ഗവര്‍ണര്‍ അയ്മന്‍ അല്‍ സയാരി പറഞ്ഞു. ഇസ്ലാമിക് ഫിനാന്‍സിന്റെ മൂലധനം 11.2 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു.
ഇതില്‍ ഏറ്റവും വലിയ ശക്തിയായി സൗദി അറേബ്യ മാറിയെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. 3.1 ട്രില്യണ്‍ റിയാലാണ് സൗദിയുടെ മൂലധന നിക്ഷേപം. റിയാദില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബോര്‍ഡ് സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഇസ്ലാമിക് ഫിനാന്‍സുമായി ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധമാണ് സൗദി അറേബ്യക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് ഫിനാന്‍സ് മാര്‍ക്കറ്റാണ് സൗദി അറേബ്യ. ഇസ്ലാമിക് ബാങ്കിന്റെ 33 ശതമാനം മൂലധനവും സൗദിയുടേതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള ഇസ്ലാമിക് ഫിനാന്‍സ് മേഖല ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്നും അയ്മന്‍ അല്‍ സയാരി പറഞ്ഞു.