
സെൻട്രൽ കിച്ചണുകൾക്കും വൻകിട കാറ്ററിങ് യൂണിറ്റുകൾക്കും പുതിയ ചട്ടങ്ങൾ പുറത്തിറക്കി സൗദി
|ഭക്ഷ്യ ഗുണനിലവാരം, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്
റിയാദ്: സൗദിയിൽ സെൻട്രൽ കിച്ചണുകൾക്കും വൻകിട കാറ്ററിങ് യൂണിറ്റുകൾക്കും പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഭക്ഷ്യ ഗുണനിലവാരവും, നിക്ഷേപ അന്തരീക്ഷവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നീക്കം. മലയാളികളടക്കം ഇന്ത്യൻ നിക്ഷേപകരും സൗദിയിൽ ഈ രംഗത്തുണ്ട്. ചട്ടങ്ങൾ വിശദീകരിക്കുന്ന ഗൈഡ് മന്ത്രാലയം ഇതിനായി പുറത്തിറക്കിയിട്ടുണ്ട്.
നിർമാണത്തിൽ തുടങ്ങി ലൈസൻസിങ് മുതൽ നടത്തിപ്പിലുൾപ്പടെ പാലിക്കേണ്ട ചട്ടങ്ങൾ വിശദീകരിച്ചാണ് മുനിസിപ്പൽ മന്ത്രാലയത്തിന്റെ പുതിയ ഗൈഡ്. ഇത് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിധീകരിച്ചു. സ്ഥാപനത്തിൽ സാക്ഷ്യപ്പെടുത്തപ്പെട്ട ഭക്ഷ്യസുരക്ഷാ വിദഗ്ധന്റെ സാന്നിധ്യം വേണം. കിച്ചണിൽ കാമറയും നിർബന്ധമാണ്. അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ, ജീവനക്കാർക്കായി റസ്റ്റ്‌റൂമുകൾ, ചേഞ്ചിംഗ് റൂമുകൾ എന്നിവയുൾപ്പടെ പ്രത്യേക സൗകര്യങ്ങളും വേണം. മാലിന്യ നിർമാർജനത്തിനുള്ള കൃത്യവും പ്രൊഫഷണലുമായ സംവിധാനങ്ങൾ എന്നിവയും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
ഒന്നിലധികം റസ്റ്റോറന്റുകൾക്ക് ഭക്ഷണ വിതരണം നടത്തുന്നവയാണ് സെൻട്രൽ കിച്ചൺ എന്ന കാറ്റഗറിയുടെ പരിധിയിൽ വരിക. ചട്ടങ്ങൾ പ്രകാരം സൗദി ബിൽഡിംഗ് കോഡ് അനുസരിച്ചാകണം അടുക്കള നിർമാണം. സ്ഥാപനത്തിനകത്ത് നിശ്ചിത ഉയരം പാലിക്കണം. മതിയായ പാർക്കിംഗ് സംവിധാനം, കിച്ചണിനകത്ത് വായുസഞ്ചാരവും നിർബന്ധമാണ്. ശീതീകരണ സംവിധാനം, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങളും പാലിക്കണം. ചൂടധികമുള്ളതും, അപകട സാധ്യതയുള്ളതുമായ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴുള്ള ചട്ടങ്ങളും പുതുക്കിയിട്ടുണ്ട്.