< Back
Saudi Arabia
സൗദിയുടെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികൾ; റിയാദിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം
Saudi Arabia

സൗദിയുടെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികൾ; റിയാദിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം

Web Desk
|
23 July 2025 10:27 PM IST

പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ പദ്ധതി രാജ്യത്താകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

റിയാദ്: സൗദിയിൽ ആദ്യമായി സെൽഫ് ഡ്രൈവിങ് ടാക്സി സേവനം ആരംഭിച്ചു. തലസ്ഥാനമായ റിയാദിലാണ് ആദ്യ ഘട്ട പരീക്ഷണം. ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

12 മാസം നീണ്ടുനിൽക്കുന്ന ഈ പരീക്ഷണ ഘട്ടത്തിൽ, നഗരത്തിലെ തന്ത്രപ്രധാനമായ ഏഴ് സ്ഥലങ്ങളിൽ ടാക്‌സികൾ ലഭ്യമാകും. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (ടെർമിനൽ 2, 5), പ്രിൻസസ് നൂറ ബിൻത് അബ്ദുൾറഹ്‌മാൻ യൂണിവേഴ്‌സിറ്റി, റോഷൻ ബിസിനസ് ഫ്രണ്ട്, പ്രധാന ഹൈവേകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിക്കായി 13 പ്രത്യേക പിക്കപ്പ്, ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. കർശനമായ നിയമ, സാങ്കേതിക മേൽനോട്ടത്തിലായിരിക്കും പരീക്ഷണം നടക്കുക.പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ പദ്ധതി രാജ്യത്താകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആഭ്യന്തര മന്ത്രാലയം, ഡിജിറ്റൽ ഇക്കണോമി, സ്‌പേസ് ആൻഡ് ഇന്നൊവേഷൻ സിസ്റ്റം, ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ, സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുൾപ്പെടെയുള്ള ദേശീയ അന്തർദേശീയ പങ്കാളികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.

Similar Posts