< Back
Saudi Arabia
യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു
Saudi Arabia

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു

Web Desk
|
24 April 2025 10:13 PM IST

പകരച്ചുങ്കം സൗദിയെ ഗുരുതരമായി ബാധിച്ചിരുന്നു

റിയാദ്: യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു. മെയ് പതിമൂന്നിന് ആരംഭിക്കുന്ന സന്ദർശനത്തിൽ ലക്ഷം കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കും. ട്രംപിന്റെ പകരച്ചുങ്കം സൗദിയുടെ സാമ്പത്തിക രംഗത്തും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിലുള്ള സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ചും നിർണായകമാണ്. റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിൻ ഈ സമയത്ത് സൗദിയിലെത്തുമോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല.

ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം യുഎസിലേക്ക് ലക്ഷ്യം വെച്ചാണ് ട്രംപ് സൗദിയിലേക്കെത്തുന്നത്. ധനകാര്യ, പ്രതിരോധ, ആയുധക്കരാറുകൾ ഇതിലുണ്ടാകും. മാർച്ചിലും ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മെയ് 13 ആരംഭിക്കുന്ന ആദ്യ ജിസിസി സന്ദർശനത്തിൽ സൗദിയിലേക്കാകും ട്രംപ് ആദ്യം വരിക. ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാകേണ്ടതായിരുന്നു ഇത്. എന്നാൽ പോപിന്റെ വിടവാങ്ങലോടെ ട്രംപ് റോം സന്ദർശിക്കുന്നുണ്ട്. ഗസ്സയിലെ ആക്രമണം, റഷ്യ-യുക്രൈൻ യുദ്ധം എന്നിവയും ചർച്ചയാകും. ഈ വിഷയങ്ങളിൽ സൗദി നേതൃത്വത്തിൽ നടന്ന ചർച്ചകൾ യുഎസ് വിദേശ നയത്തിൽ സ്വാധീനമുണ്ടാക്കിയിരുന്നു. ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് സൗദി സന്ദർശനത്തിലൂടെ ട്രംപ് ലക്ഷ്യം വെക്കുന്നത്. സൗദിയും കൂടുതൽ യുഎസ് കമ്പനികളുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. പകരച്ചുങ്കം പ്രഖ്യാപിച്ച ട്രംപിന്റെ നയം ശത്രുക്കളേക്കാൾ മിത്രങ്ങളേയും ബാധിച്ചിരുന്നു. അതിലൊന്നാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ ബജറ്റ് ബാലൻസ് ചെയ്യാൻ ബാരലിന് 80-85 ഡോളർ വില വേണം. ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ വില 70 ഡോളറിന് താഴേക്കാണ് പതിച്ചത്.സൗദിയുടെ സാമ്പത്തിക പദ്ധതികളെ പ്രതികൂലമായി ബാധിച്ചു. സൗദിയുടെ ഓഹരി വിപണിയായ തദാവുൽ താരിഫ് പ്രഖ്യാപനത്തിന് ശേഷം ആദ്യ ആഴ്ചയിൽ കൂപ്പുകുത്തി. 5.7% ആയിരുന്നു ഇടിവ്. ഇപ്പോഴും സൗദിയുടെ സമ്പദ്മേഖലയുടെ സിംഹഭാഗം വരവും ക്രൂഡോയിൽ വഴിയാണ്. എണ്ണ വില കുറഞ്ഞാൽ സർക്കാർ ചെലവുകൾ കുറയ്ക്കേണ്ടി വരും. ഇത് നിർമാണം, റീട്ടെയിൽ, ടൂറിസം തുടങ്ങിയ മേഖലകളിലെ വളർച്ചയെ മന്ദഗതിയിലാക്കും. ഇതുൾപ്പെടെ വിഷയങ്ങളെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയാകും.

Related Tags :
Similar Posts