< Back
Saudi Arabia
സൗദിയിൽ സ്വകാര്യമേഖല ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും; തൊഴിലവസരങ്ങൾ വർധിക്കും
Saudi Arabia

സൗദിയിൽ സ്വകാര്യമേഖല ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും; തൊഴിലവസരങ്ങൾ വർധിക്കും

Web Desk
|
13 Dec 2021 9:22 PM IST

11.3 ശതമാനമാണ് സൗദിയിലെ നിലവിലുള്ള തൊഴിലില്ലായ്മാ നിരക്ക്. 2030 ഓടെ ഇത് ഏഴു ശതമാനമാക്കി കുറക്കും.

സൗദിയിലെ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള പദ്ധതികൾ സ്വദേശി-വിദേശി ഭേദമില്ലാതെ തുടരുമെന്ന് ധനകാര്യമന്ത്രി. തൊഴിലില്ലായ്മ നിരക്ക് 2030 ഓടെ ഏഴു ശതമാനമാക്കി കുറക്കും. കോവിഡ് സാഹചര്യത്തിൽ വർധിച്ച രാജ്യത്തിന്റെ പൊതുകടം 2023ൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപ സൗഹൃദമാക്കാനുള്ള ശ്രമങ്ങളും തുടരും.

2022 ൽ എണ്ണ വരുമാനം 655 ബില്യൺ റിയാലിലെത്തും. കണക്കുകൾ പ്രകാരം സൗദി അറേബ്യക്ക് ബജറ്റ് സന്തുലിതമായി തുടരാൻ എണ്ണവില ബാരലിന് 72 ഡോളറെങ്കിലും കിട്ടേണ്ടി വരും. ഇത് കുറഞ്ഞാൽ ഇതര മാർഗങ്ങളിലൂടെ വരുമാനം കൂടേണ്ടി വരും. അടുത്ത വർഷം പ്രതീക്ഷിക്കുന്ന ബജറ്റ് മിച്ചം 90 ബില്യൺ ഡോളറാണ്.ഈ തുക കരുതൽ ധനശേഖരത്തിലേക്ക് നീക്കിവെക്കും. ഇത് പിന്നീട് കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള പൊതു നിക്ഷേപ ഫണ്ടിലേക്കോ നാഷണൽ ഡവലപ്‌മെന്റ് ഫണ്ടിലേക്കോ മാറ്റും. ഇതു വഴി കൂടുതൽ ജോലികൾ ലഭ്യമാക്കും.

11.3 ശതമാനമാണ് സൗദിയിലെ നിലവിലുള്ള തൊഴിലില്ലായ്മാ നിരക്ക്. 2030 ഓടെ ഇത് ഏഴു ശതമാനമാക്കി കുറക്കും. രാജ്യത്തെ നിക്ഷേപ രംഗത്തെ ചട്ടങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ഇതുവഴി കൂടുതൽ ഫാക്ടറികളും, സ്ഥാപനങ്ങളും, സേവന മേഖലയും വർധിക്കും. ഇതിലൂടെ കൂടുതൽ ജോലി ലഭ്യമാക്കാനാകുമെന്നും ധനകാര്യ മന്ത്രാലയം പറയുന്നു. സൗദിയിലെ ബജറ്റ് സംബന്ധിച്ച പ്രഖ്യാപനത്തിൽ പ്രത്യാശയിലാണ് നിക്ഷേപകരും.

കോവിഡ് കാരണം 2020-ൽ സൗദിയുടെ പൊതു കടം 32.5% എത്തിയിരുന്നു. ഇതും 2023-ൽ കുറയാൻ തുടങ്ങുമെന്നാണ് സർക്കാർ പ്രവചനം. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, സൗദി എണ്ണ ഉത്പ്പാദനം 2022-ൽ പ്രതിദിനം ശരാശരി 10.7 ദശലക്ഷം ബാരലിലെത്തും. ഇത് എക്കാലത്തെയും ഉയർന്ന വാർഷിക ശരാശരിയാണ്.

Related Tags :
Similar Posts