< Back
Saudi Arabia
പരിശോധന ശക്തമാക്കി സൗദി അറേബ്യ; പതിനായിരത്തില്‍പ്പരം വിദേശികളെ നാടുകടത്തി
Saudi Arabia

പരിശോധന ശക്തമാക്കി സൗദി അറേബ്യ; പതിനായിരത്തില്‍പ്പരം വിദേശികളെ നാടുകടത്തി

Web Desk
|
17 Sept 2022 10:36 PM IST

രാജ്യത്ത് അനധികൃതമായി കഴിഞ്ഞിരുന്ന പതിനായിരത്തിലധികം വരുന്ന വിദേശികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാട് കടത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി.

സൗദിയില്‍ നിയമലംഘകര്‍ക്കെതിരായ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് അനധികൃതമായി കഴിഞ്ഞിരുന്ന പതിനായിരത്തിലധികം വരുന്ന വിദേശികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാട് കടത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി. ഇതിനിടെ പുതുതായി പതിനാറായിരത്തിലധികം നിയമ ലംഘകര്‍ കൂടി ഒരാഴ്ചക്കിടെ പിടിയിലായി.

രാജ്യത്ത് കഴിയുന്ന നിയമ ലംഘകരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. നിയമലംഘകരെ കണ്ടെത്തുന്നതിന് വിവിധ ഭാഗങ്ങളില്‍ പഴുതടച്ച പരിശോധനകളാണ് സുരക്ഷാ വിഭാഗങ്ങള്‍ നടത്തി വരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 16606 നിയമലംഘകര്‍ പിടിയിലായതായി മന്ത്രാലയ അധികൃതര്‍ വെളിപ്പെടുത്തി. ഇവരില്‍ 9895 പേര്‍ താമസ രേഖ കാലാവധി അവസാനിച്ചവരും, 4422 പേര്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയവരുമാണ്.

2289 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരും പിടിയിലായവരില്‍ ഉള്‍പ്പെടും. നിയമ ലംഘകര്‍ക്ക് യാത്രാ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുത്ത 18 പേരും സുരക്ഷാ വകുപ്പിന്‍റെ പിടിയിലായി. ഇതിനിടെ നിയമ ലംഘകരായി പിടിയിലായ 10335 പേരെ കഴിഞ്ഞയാഴ്ച നാട് കടത്തിയതായി മന്ത്രാലയം അറിയിച്ചു. അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് നാട് കടത്തലിന് വിധേയമാക്കുന്നത്. ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിട്ടുണ്ട്.

Related Tags :
Similar Posts