< Back
Saudi Arabia
സൗദി സംഘം ഫലസ്തീനിലേക്ക്; മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും
Saudi Arabia

സൗദി സംഘം ഫലസ്തീനിലേക്ക്; മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും

Web Desk
|
25 Sept 2023 11:32 PM IST

ഫലസ്തീനുള്ള ഇളവുകൾ ഉൾപ്പെടുന്ന കരാറാണ് യു.എസ് മധ്യസ്ഥതയിൽ തയ്യാറാകുന്നത്

ഇസ്രയേലുമായി സൗദി ബന്ധം സ്ഥാപിക്കാൻ യു.എസ് നടത്തുന്ന ശ്രമങ്ങൾക്കിടെ സൗദി പ്രതിനിധി സംഘം ഈ ആഴ്ച്ച ഫലസ്തീനിലെത്തും. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സൗദിയിൽ നിന്നുള്ള പ്രത്യേക സംഘം ചർച്ച നടത്തും. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്ന് സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഫലസ്തീനുള്ള ഇളവുകൾ ഉൾപ്പെടുന്ന കരാറാണ് യു.എസ് മധ്യസ്ഥതയിൽ തയ്യാറാകുന്നത്. ഇതടങ്ങുന്ന നിബന്ധനകൾ നേരത്തെ സൗദി യു.എസിന് കൈമാറിയിട്ടുണ്ട്. ഫലസ്തീനുമായി ചർച്ച നടത്തിയായിരുന്നു ഇത്. സൗദി കിരീടാവകാശിയുടെ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ഇസ്രയേൽ സൗദിയുടെ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ സൗദി ഇസ്രയേൽ ബന്ധത്തിന് ഫലസ്തീൻ ഉപാധിയായി വരുന്നത് നല്ല നീക്കമായല്ല ഇസ്രയേലിലെ ഭരണകൂടത്തിലെ തീവ്ര വലതുപക്ഷക്കാർ കാണുന്നത്. ഇതിനിടയിലാണ് സൗദി പ്രതിനിധി സംഘത്തിന്റെ സന്ദർശനം.

കഴിഞ്ഞ മാസം സൗദി ഫലസ്തീനിലേക്ക് അംബാസിഡറെ നിയമിച്ചിരുന്നു. ജോർദാൻ കേന്ദ്രീകരിച്ചാണ് ഇതിന്റെ ഓഫീസ്. ഈ അംബാസിഡറും റിയാദിൽ നിന്നുള്ള സംഘവും ഒന്നിച്ചാകും ഫലസ്തീനിലെത്തുക. പലസ്തീൻ പ്രസിഡന്റുമായി ഇവർ കൂടിക്കാഴ്ച നടത്തും. 2014ന് ശേഷം യുഎസ് മധ്യസ്ഥതയിലുള്ള ഇസ്രയേൽ ഫലസ്തീൻ സമാധാന നീക്കം വഷളായിരുന്നു. കനത്ത ആൾനാശം ഇതുണ്ടാക്കി. ഇതിനു പിന്നാലെയാണിപ്പോൾ പുതിയ നീക്കങ്ങൾ. ദ്വിരാഷ്ട്ര ഫോർമുലക്കായി യു.എസും സൗദിയും ഇപ്പോൾ ശ്രമം നടത്തുന്നുണ്ട്. ഫലസ്തീൻ അധികൃതർ സൗദിയുടെ പുതിയ സന്ദർശനം സ്ഥിരീകരിച്ചു.

Similar Posts