
സ്കൂളുകളിലെ ഉയർന്ന തസ്തികകളിൽ പ്രൊഫഷണൽ ലൈസൻസിങ് നടപ്പാക്കാൻ സൗദി
|അറബിക് മീഡിയത്തിൽ ക്ലാസുകൾ നടക്കുന്ന സൗദി സ്കൂളുകൾക്ക് ചട്ടം ബാധകമാകും
റിയാദ്: സൗദിയിലെ സ്കൂളുകളിലെ ഉയർന്ന തസ്തികകളിൽ പ്രൊഫഷണൽ ലൈസൻസിങ് നടപ്പാക്കാൻ ആലോചന. അറബിക് മീഡിയത്തിൽ ക്ലാസുകൾ നടക്കുന്ന സൗദി സ്കൂളുകൾക്കാണ് ചട്ടം ബാധകമാക്കുന്നത്. നിലവിൽ അന്താരാഷ്ട്ര സ്കൂളുകൾക്ക് ഇത് ബാധകമാക്കില്ല. രാജ്യത്തെ പഠന ഗുണനിലവാരം ഉയർത്തുന്നതിനായി വിദ്യാഭ്യാസ-മൂല്യനിർണയ കമ്മീഷനാണ് ഭേദഗതി നിർദേശിച്ചത്.
പ്രൊഫഷണൽ ലൈസൻസ് കൈവശമുള്ളയാൾക്ക് അധ്യാപനം, സ്കൂൾ അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസ മേൽനോട്ടം, മെന്റർ എന്നീ മേഖലകളിൽ ഒരു പ്രത്യേക കാലയളവിലും തലങ്ങളിലും പ്രവർത്തിക്കാൻ യോഗ്യതയുണ്ടാകും. പൊതുജനാഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി അതോറിറ്റി “സർവേ” പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ച ഭേദഗതികളിലാണ് ഇത് ഉൾപ്പെടുത്തിയത്. അതേസമയം, ഭേദഗതിക്ക് മുമ്പുള്ള ആർട്ടിക്കിൾ അനുസരിച്ച് ലൈസൻസ് കൈവശമുള്ളയാൾക്ക് അധ്യാപന തൊഴിലിന് യോഗ്യതയുണ്ടെന്ന് പരിമിതപ്പെടുത്തിയിരുന്നു.
ഉയർന്ന തസ്തികകളിൽ അധ്യാപകർ, വിദ്യാഭ്യാസ സൂപ്പർവൈസർമാർ, സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ , സ്റ്റുഡന്റ് കൗൺസിലർമാർ എന്നിവരാണ് ഉൾപ്പെടുന്നത്. ഇവരെ പ്രാക്ടീഷണർ, അഡ്വാൻസ്ഡ്, എക്സ്പേർട്ട് എന്നിങ്ങനെ മൂന്ന് ലെവലുകളായി തിരിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ ഒരു പുതിയ അപേക്ഷയായാണ് കണക്കാക്കുക. പിന്നീട് പുതുക്കുന്നതിന് ലൈസൻസ് ലെവൽ അനുസരിച്ച് സാധുവായ പ്രൊഫഷണൽ പരീക്ഷകളും ആവശ്യമാകും.