
എഐ, ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യകളിൽ പങ്കാളിത്തം ശക്തമാക്കാൻ സൗദി
|മൈക്രോസോഫ്റ്റ് ,ആമസോൺ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തി ഐ.ടി മന്ത്രി
റിയാദ്: സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറം വാർഷിക യോഗത്തിനിടെ നിരവധി സാങ്കേതിക ഭീമന്മാരുമായി കൂടിക്കാഴ്ചകൾ നടത്തി സൗദി ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി അബ്ദുല്ല അൽ സ്വാഹ. എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യകളിൽ പങ്കാളിത്തം ശക്തിപ്പെടുത്തലാണ് ലക്ഷ്യം. നെറ്റ്‌വർക്ക് സാങ്കേതികവിദ്യകൾ, ഡിജിറ്റൽ നവീകരണം എന്നിവയിലെ പങ്കാളിത്തം വികസിപ്പിക്കുന്നതിലും സാങ്കേതികവിദ്യ, AI എന്നിവയിൽ സൗദി അറേബ്യ ആഗോള കേന്ദ്രമെന്ന നിലയിൽ സ്ഥാനം ഉറപ്പാക്കുന്നതിലും ചർച്ചകൾ കേന്ദ്രീകരിച്ചു.
എ.ഐയിലും ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും സാങ്കേതികവിദ്യയും എ.ഐയും നയിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ പ്രാപ്തമാക്കുന്നതിനെക്കുറിച്ചും മൈക്രോസോഫ്റ്റ് വൈസ് ചെയർമാൻ ബ്രാഡ് സ്മിത്തുമായി കൂടിക്കാഴ്ച നടത്തി. സഹകരണം കൂടാതെ, ഡിജിറ്റൽ നവീകരണത്തിനുള്ള മാർഗങ്ങൾ, ഡിജിറ്റൾ കഴിവുകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട് ടെൻസെന്റ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ക്ലൗഡ് ആന്റ് സ്മാർട്ട് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ (CSIG) സിഇഒയുമായ ദൗസൺ ടോങ്ങുമായും ചർച്ച നടന്നു.

ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും നൂതന സാങ്കേതികവിദ്യകളിലും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി ആമസോണിന്റെ പ്രസിഡന്റും സിഇഒയുമായ ആൻഡി ജാസി, ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാറ്റ് ഗാർമൻ എന്നിവരുമായി മന്ത്രി വിശദമായ ചർച്ചകൾ നടത്തി. ജനറേറ്റീവ് എ.ഐയിലേക്കുള്ള സൗദി അറേബ്യയുടെ മുന്നേറ്റം വിപുലീകരിച്ചുകൊണ്ട് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും സാങ്കേതിക നവീകരണം പ്രാപ്തമാക്കുന്നതിനുമായി വലിയ ഭാഷാ മോഡലുകളുടെ (എൽഎൽഎം) വികസനവും അവയുടെ ആപ്ലിക്കേഷനുകളും പര്യവേക്ഷണം ചെയ്യുന്നതിനായി കോഹെർ സിഇഒ ഐഡൻ ഗോമസുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കൂടാതെ ആഗോള പങ്കാളിത്തം ശക്തമാക്കുന്ന നിരവധി നേതാക്കളുമായും ചർച്ച നടന്നു.
സിസ്‌കോ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചക്ക് റോബിൻസുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ നെറ്റ്‌വർക്ക് ടെക്‌നോളജി സൊല്യൂഷനുകളെക്കുറിച്ചും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലുടനീളം നവീകരണം വേഗത്തിലാക്കുന്നതിനുള്ള വഴികളെക്കുറിച്ചും അൽസ്വാഹ ചർച്ച ചെയ്തു.