
വ്യാവസായിക ഉല്‍പാദനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി
|ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും.
റിയാദ്: സൗദിയുടെ വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നയപ്രഖ്യാപനം നടത്തി. ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും.
സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസായിക നയം പ്രഖ്യാപിച്ചത്. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്ബിന്‍ സല്‍മാന്‍ പദ്ധതി പ്രഖ്യാപനം നടത്തി. ആഗോള വിതരണ ശൃംഖല സുരക്ഷിതമാക്കുക, ലോകത്തിലേക്ക് ഹൈടെക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ആഗോളതലത്തിലെ പ്രമുഖ വ്യാവസായിക ശക്തിയായി സൗദിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രധാനമായും പന്ത്രണ്ട് മേഖകളില്‍ കേന്ദ്രീകരിക്കും. ഒരു ട്രില്യണ്‍ മൂലധനത്തില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ നയത്തിന്റെ ഭാഗമായി നടപ്പിലാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വ്യവസായിക ആഭ്യന്തര ഉല്‍പാദനം മൂന്നിരട്ടിയായി വര്‍ധിക്കും. ഒപ്പം വിദേശ കയറ്റുമതി മൂല്യം 557 ബില്യണ്‍ ഡോളറിലെത്തുമെന്നും പദ്ധതി രൂപരേഖ പറയുന്നു. പദ്ധതി വഴി പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തെ നിക്ഷേപ മൂല്യം ഉയര്‍ത്തുന്നതിനും, നൂതന സാങ്കേതിക ഉല്‍പന്നങ്ങളുടെ കയറ്റുമതി ആറിരട്ടിയായി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.