< Back
Saudi Arabia
സിറിയയുമായും ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയുടെ നിർണായക നീക്കം
Saudi Arabia

സിറിയയുമായും ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയുടെ നിർണായക നീക്കം

Web Desk
|
12 April 2023 10:36 PM IST

2011ന് ശേഷം ആദ്യമായി സിറിയൻ വിദേശകാര്യ മന്ത്രി ഇന്ന് ജിദ്ദയിലെത്തി.

ഇറാനും ഇറാഖിനും യമനും പിന്നാലെ സിറിയയുമായും ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയുടെ നിർണായക നീക്കം. 2011ന് ശേഷം ആദ്യമായി സിറിയൻ വിദേശകാര്യ മന്ത്രി ഇന്ന് ജിദ്ദയിലെത്തി. പ്രതിസന്ധി പരിഹരിക്കാനായി ഐക്യരാഷ്ട്ര സഭയുടെ സിറിയയിലേക്കുള്ള പ്രതിനിധിയുമായി സൗദി ചർച്ച നടത്തി. പ്രതിസന്ധി പരിഹരിക്കാനിരിക്കെ, സിറിയയെ അറബ് ലീഗിലേക്ക് തിരികെ എടുക്കാനും നീക്കമുണ്ട്.

സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലെ നിർണായക നീക്കമാണ് ഇന്നുണ്ടായത്. സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മെക്ദാദ് ഇന്ന് ജിദ്ദയിലെത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍റെ ക്ഷണം സ്വീകരിച്ചാണ് മെക്ദാദ് ബുധനാഴ്ച ജിദ്ദയിൽ എത്തിയത്. സിറിയൻ ഗവൺമെന്റിന്റെ പ്രധാന സഖ്യകക്ഷിയാണ് ഇറാൻ.

ഇറാനുമായി ബന്ധം പൂർണ തോതിൽ പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി അറേബ്യ. ഇറാഖ്, ഇറാൻ, യമൻ എന്നിവക്ക് പിന്നാലെ പശ്ചിമേഷ്യയിൽ രാഷ്ട്രീയ അസ്ഥിരതയുള്ള സിറിയയുമായും ബന്ധം പഴയപടിയാക്കാനാണ് സൗദിയുടെ ശ്രമം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും പ്രശ്നങ്ങളവസാനിപ്പിച്ച് സാമ്പത്തിക ശക്തിയായി മുന്നോട്ട് പോകാനാണ് സൗദി ലക്ഷ്യമിടുന്നത്. റമദാൻ മുതൽ ഹജ്ജ് വരെ സൗദി ഭരണാധികാരികൾ മക്കയും ജിദ്ദയും ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യയിലാണ് ഉണ്ടാകുക. ഇതാണ് ജിദ്ദയിൽ ചർച്ച നടക്കാൻ കാരണം.

Similar Posts