< Back
Saudi Arabia
സൗദിയിൽ ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായി കുറഞ്ഞു
Saudi Arabia

സൗദിയിൽ ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായി കുറഞ്ഞു

Web Desk
|
16 March 2026 5:29 PM IST

ഭക്ഷ്യ വിലയിലെ സ്ഥിരത അനുകൂലമായി

റിയാദ്: സൗദിയിൽ പണപ്പെരുപ്പ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായി താഴ്ന്നു. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നതും വിപണിയിലെ സ്ഥിരതയുമാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ജനുവരിയിൽ നിന്ന് ഫെബ്രുവരിയിലേക്കുള്ള മാറ്റം പരിശോധിക്കുമ്പോൾ വിലനിലവാരം പൊതുവെ സുരക്ഷിതമായ നിലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വാടക, വൈദ്യുതി, ഇന്ധനം തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാനമായും വിലവർധനവ് പ്രകടമായത്. പാർപ്പിട വാടകയിൽ 5.1 ശതമാനം വർധനവുണ്ടായതാണ് ഈ വിഭാഗത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. കൂടാതെ ട്രാൻസ്പോർട്ടേഷൻ സേവനങ്ങളിൽ 1.4 ശതമാനവും ഹോട്ടൽ, താമസ സൗകര്യങ്ങൾ എന്നിവയിൽ 1.9 ശതമാനവും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണാഭരണങ്ങളുടെയും വാച്ചുകളുടെയും വില വർധിച്ചതിനെത്തുടർന്ന് പേഴ്സണൽ കെയർ വിഭാഗത്തിലും ചെറിയ തോതിൽ വിലക്കയറ്റം അനുഭവപ്പെട്ടു. എങ്കിലും വിദ്യാഭ്യാസ മേഖലയിലും കമ്മ്യൂണിക്കേഷൻ രംഗത്തും നേരിയ വർധനവ് മാത്രമാണ് ഉണ്ടായത്.

അതേസമയം സാധാരണക്കാർക്ക് ആശ്വാസമായി ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയുടെ വിലയിൽ മുൻവർഷത്തെക്കാൾ കുറവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഭക്ഷണസാധനങ്ങളുടെ വിലയിൽ 0.5 ശതമാനം കുറവുണ്ടായിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞത് രാജ്യത്തെ ഉപഭോക്താക്കൾക്കും വിപണിക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Related Tags :
Similar Posts