< Back
Saudi Arabia
സൗദിയുടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനം;പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായി പങ്കെടുത്തേക്കും
Saudi Arabia

സൗദിയുടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനം;പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായി പങ്കെടുത്തേക്കും

Web Desk
|
31 Aug 2025 8:04 PM IST

ഒക്ടോബറിൽ മൂന്ന് ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ലോകത്തെ നിക്ഷേപകരും ശാസ്ത്രജ്ഞരും രാഷ്ട്ര നേതാക്കളും ഒരുമിച്ചെത്തും

റിയാദ്: സൗദിയുടെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് സമ്മേളനത്തിന്റെ പുതിയ എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായി പങ്കെടുത്തേക്കും. ഒക്ടോബർ 27 മുതൽ 30 വരെ മൂന്ന് ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ലോകത്തെ നിക്ഷേപകരും ശാസ്ത്രജ്ഞരും രാഷ്ട്ര നേതാക്കളും ഒരുമിച്ചെത്തും.

സമ്മേളനത്തിന്റെ ഒമ്പതാം എഡിഷനാണ് നടക്കാൻ പോകുന്നത്. റിറ്റ്സ്കാൾട്ടണിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററാണ് വേദി. എ.ഐ, പുതിയ സാങ്കേതികവിദ്യകൾ, സുസ്ഥിര വികസനം, നയരൂപീകരണം, നിക്ഷേപം എന്നീ മേഖലകളിലൂന്നിയാണ് ചർച്ചകളുണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉച്ചകോടിയിലെത്തുമെന്നാണ് വിവരം. നേരിട്ടാണോ ഓൺലൈനാണോ എന്നതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

2019ലും പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. സൗദി കിരീടാവകാശിയുൾപ്പടെ നേരിട്ട് പങ്കെടുക്കാറുള്ള ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സൗദിയിലെ ഏറ്റവും വലിയ പ്രീമിയം നിക്ഷേപ സമ്മേളനം കൂടിയാണ്. ഉച്ചകോടിയുടെ മൂന്നാം ദിനമായ ഒക്ടോബർ 30 ഇൻവെസ്റ്റ്മെന്റ് ഡേ ആയിരിക്കും. വിവിധ കരാറുകൾ അന്ന് വിവിധ രാഷ്ട്രങ്ങളുമായും കമ്പനികളുമായും ഒപ്പുവെക്കും. 7,500-ലധികം പങ്കാളികളും 600-ലധികം പ്രമുഖ പ്രഭാഷകരും 250 ചർച്ചാ സെഷനുകളും നിറഞ്ഞതാണ് ഉച്ചകോടി. കഴിഞ്ഞ മൂന്ന് തവണയായി ഉച്ചകോടിയിൽ മാധ്യമ പങ്കാളിയായിരുന്ന മീഡിയവൺ ഇത്തവണയും ഉണ്ടാകും.

Similar Posts