
സൗദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ' അൽ വലീദ് ത്വലാൽ അന്തരിച്ചു
|വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു
റിയാദ്: ഇരുപത് വർഷത്തോളം നീണ്ട കോമയിൽ നിന്ന് മോചിതനാകാതെ, സൗദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെട്ടിരുന്ന അൽ വലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ അന്തരിച്ചു. 2005ൽ ബ്രിട്ടനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പിതാവ് ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. ഡോക്ടർമാർ ലൈഫ് സപ്പോർട്ട് ഉപകരണങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെട്ടിട്ടും, മകനെ മരണത്തിന് വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞ 20 വർഷമായി അൽ വലീദിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഫീഡിങ് ട്യൂബ് വഴിയായിരുന്നു അദ്ദേഹത്തിന് ആഹാരം നൽകിയിരുന്നത്.
2005-ൽ ബ്രിട്ടനിലെ സൈനിക കോളേജിൽ പഠിക്കുന്നതിനിടെയാണ് രാജകുമാരന് കാറപകടം സംഭവിക്കുന്നത്. അപകടത്തിൽ തലച്ചോറിനേറ്റ ക്ഷതമാണ് അദ്ദേഹത്തെ കോമയിലാക്കിയത്. പിന്നീട് മരണം വരെ അദ്ദേഹം കോമയിൽ നിന്ന് ഉണർന്നില്ല. കഴിഞ്ഞ ഏപ്രിൽ 16-നായിരുന്നു അദ്ദേഹത്തിന്റെ 36-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ അദ്ദേഹം ബോധം വീണ്ടെടുത്തുവെന്ന വ്യാജവാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.