
സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു
|തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിൽ നിന്നും 7.6 ശതമാനമായാണ് കുറഞ്ഞത്
റിയാദ്: സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു. ഇത്തവണ 7.6 ശതമാനമായാണ് കുറഞ്ഞത്. നേരത്തെ 7.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്. 2017ൽ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായിരുന്നു. 2018 ൽ ഇത് 12.9 ശതമാനമായി ഉയർന്നു.
പിന്നീട് 2019 ലും സമാനമായിരുന്നു സ്ഥിതി. 2020 ലാണ് നേരിയ കുറവ് പ്രകടമായത്. എന്നാൽ 2020 പകുതിയോടെ 15 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർദ്ധിച്ചു. ഇതിന് പിന്നാലെയാണ് തൊഴിലില്ലായ്മ നിരക്ക് കുറക്കുവാനുള്ള പദ്ധതികൾ മന്ത്രാലയം ആരംഭിച്ചത്. പദ്ധതികളുടെ ഗുണം 2021 മുതൽ പ്രതിഫലിച്ചിരുന്നു. 2022 രണ്ടാം പാദം മുതലാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു തുടങ്ങിയത്. കഴിഞ്ഞ വർഷത്തോടെ ഇത് 8.5 ശതമാനത്തിലേക്ക് താഴുകയും ഈ വർഷാരംഭത്തോടെ 7.6 ശതമാനത്തിലെക്കെത്തി നിൽക്കുകയും ചെയ്തു. വരും വർഷങ്ങളിലും തൊഴില്ലായ്മ നിരക്ക് ഗണ്യമായി കുറക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം.